സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും

0
222

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും. പ്രളയക്കെടുതികള്‍ കാരണം ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിപിഐ വ്യക്തമാക്കി. പ്രളയം കാലവര്‍ഷക്കെടുതി എന്നിവ കാരണം നിരവധി പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെത്തെ അവധി ഒഴിവാക്കിയത്.

നേരത്തെ ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രളയബാധിത മേഖലകളില്‍ കുട്ടികളെ യൂണിഫോം ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിട്ടിരുന്നു.

പ്രളയത്തില്‍ പലരുടേയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പാടില്ല.

സ്‌കൂള്‍ പരിസരവും ക്ലാസുകളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളിലില്ലെന്നും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും സ്‌കൂള്‍ മാനേജ്മെന്റുകളും ഉറപ്പുവരുത്തണം. അതുപോലെ, ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്ക് അത് ലഭ്യമാക്കിയിട്ടുണ്ടെന്ന് നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ മാസം 29 ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് വ്യക്തമാക്കി. ഓണപരീക്ഷ ഇപ്പോള്‍ നടത്തില്ല. ശനിയാഴ്ചകള്‍ പ്രവൃത്തിദിസങ്ങളാക്കി മുടങ്ങിയ അധ്യയനം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മാറ്റിവെച്ച ഓണപരീക്ഷ എന്നു നടത്തുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികള്‍ക്കു നേരിട്ടു നല്‍കും. പ്രളയത്തിനിടെ നിരവധി വിദ്യാലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് ഭാഗികമായും. ഇങ്ങിനെ തകര്‍ന്ന സ്‌കൂളുകള്‍ക്ക് പകരം സ്ഥലം ഒരുക്കും. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പൂര്‍വവിദ്യാര്‍ത്ഥികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം തേടും.

മുടങ്ങിയ അധ്യയനം തിരിച്ചുപിടിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാതെ നിവര്‍ത്തിയില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ സിലബസില്‍ ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തെ നിരവധി ആളുകള്‍ സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവരെ ബദല്‍ സംവിധാനമൊരുക്കി മാറ്റാനാണ് സര്‍ക്കാരിന്റെ പരിപാടി. നൂറുകണക്കിന് വിദ്യാലയങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇത് വൃത്തിയാക്കാനുള്ള പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here