റെയില്‍വേ പുതിയ സമയവിവര പട്ടിക പുറത്തിറക്കി

0
207

തിരുവനന്തപുരം(www.mediavisionnews.in):റെയില്‍വെയില്‍ സമയവിവര പട്ടികയിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. 57 ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും 127 ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലും 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ മാറ്റമുണ്ടാകും. വൈകിട്ട് 7.25ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി 6.45 ആക്കി. വൈകിട്ട് 6.45നുള്ള മലബാര്‍ 7 നായിരിക്കും പുറപ്പെടുക.

തിരുവനന്തപുരം-ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് താത്കാലികമായി എറണാകുളം ജംഗ്ഷന്‍ ഒഴിവാക്കിയിരുന്നത് സ്ഥിരപ്പെടുത്തി. ഇനി എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയായിരിക്കും കേരള എക്സ്പ്രസിന്റെ സ്ഥിരയാത്ര. എറണാകുളം-നിലമ്പൂര്‍-എറണാകുളം പാസഞ്ചറിനെ കോട്ടയം-എറണാകുളം-കോട്ടയം പാസഞ്ചറുമായി ബന്ധിപ്പിച്ച് കോട്ടയം-നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ എന്ന ഒറ്റ ട്രെയിനാക്കി. ഇത് എറണാകുളം ജംഗ്ഷന്‍ ഒഴിവാക്കി എറണാകുളം ടൗണ്‍ വഴിയാണ് സര്‍വീസ് നടത്തുക.

എറണാകുളം ജംഗ്ഷനില്‍ നിന്ന് ആഴ്ചയില്‍ 6 ദിവസവും രാത്രി 11.30 -ന് പുറപ്പെട്ടിരുന്ന പൂനെ, നിസാമുദ്ദീന്‍, മുംബയ് ലോക്മാന്യ തിലക് ടെര്‍മിനല്‍ തുരന്തോ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രാത്രി 11.25 -ന് പുറപ്പെടും. എറണാകുളത്തു നിന്ന് കോട്ടയം വഴി കൊല്ലത്തേക്കുള്ള മെമു ശനിയാഴ്ചകളിലും എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്കുള്ള മെമു തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തില്ല.

ഉച്ചയ്ക്ക് 2.55ന് ആലപ്പുഴ നിന്നുള്ള കണ്ണൂര്‍ എക്സിക്യൂട്ടിവ് 20 മിനിട്ട് നേരത്തേ പുറപ്പെടും. പുതിയ സമയം 2.35. രാത്രി 9.25 -ന് ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ 9.35 ആക്കി. രാവിലെ 5.55 -ന് ഗുരുവായൂരില്‍ നിന്നുള്ള പുനലൂര്‍ പാസഞ്ചര്‍ അഞ്ച് മിനിട്ട് നേരത്തേയാക്കി. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 2.40 നുള്ള കണ്ണൂര്‍ ജനശതാബ്ദി ഇനി 2.45 -നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 2.50 -നുള്ള ചെന്നൈ മെയില്‍ 2.55 ആക്കി. തിരുവനന്തപുരത്തു നിന്ന് രാത്രി 8.40 -നുള്ള മംഗലാപുരം എക്സ്പ്രസ് 8.30 -ന് പുറപ്പെടും. രാവിലെ 10.30 -ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ബാംഗ്ളൂരിലേക്കുള്ള ഐലന്‍ഡ് എക്സ്പ്രസ് അരമണിക്കൂര്‍ നേരത്തേയാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here