മോട്ടോര്‍വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു: സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി

0
338

കൊച്ചി(www.mediavisionnews.in): രാജ്യവ്യാപകമായി മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

സ്വാകാര്യ വാഹനങ്ങള്‍, ഓട്ടോ ടാക്‌സി, ചരക്കുവാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുണ്ട്.

എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസ്സമില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വാഹന പണിമുടക്ക് മാത്രമായതിനാല്‍ കടകളും ഹോട്ടലുകളും തുറന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഓള്‍ ഇന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കു നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മോട്ടോര്‍ വാഹന മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here