മുനിയറകളുടെ ചരിത്ര തെളിവുകൾ ശേഖരിച്ച് ഗ്രന്ഥവുമായി മീപ്പിരി സ്കൂളിലെ കുട്ടികൾ

0
240

ബന്തിയോട്(www.mediavisionnews.in): ഹേരൂർ മീപ്പിരിയിലും പരിസരത്തും ഇരുമ്പു യുഗ കാലഘട്ടത്തിൽ മനുഷ്യർ താമസിച്ചിരുന്നതിന്റെ ചരിത്ര തെളിവുകൾ ശേഖരിച്ച് ഗ്രന്ഥരചന നടത്തി വിദ്യാർഥികൾ. ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ്. ഹേരൂർ മീപ്പിരി, പച്ചമ്പള തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ചോളം മുനിയറകളും, ചെങ്കൽ ഗുഹകളും കവാടങ്ങളും സന്ദർശിച്ച് ചരിത്രകാരൻമാരും ഗവേഷകരുമായി സെമിനാറും ചർച്ചകളും നടത്തിയാണ് പുസ്തകം രചിച്ചത്.

മുനിയറകളുടെ മുകളിലായി ജ്യാമിതീയ രീതിയിൽ ഇരുമ്പുപകരണങ്ങൾ കൊണ്ട് മുറിച്ചുണ്ടാക്കിയ തൊപ്പിക്കല്ലുകളും കൊളുത്തുകളും പഴയകാല മനുഷ്യരുടെ നിർമാണ രീതി വെളിവാക്കുന്നു. പച്ചമ്പള പ്രദേശത്തെ പാറകൾക്കു മുകളിലായി മൽസ്യങ്ങളുടെയും, പക്ഷികളുടെയും, മറ്റ് ഉരഗങ്ങളുടെയും ചിത്രവേലകളും കാണാനുണ്ട്. ഇവ കൂടാതെ പഴയ കാലത്ത് മൃതദേഹം മറവു ചെയ്തിരുന്ന ദുപ്പെകളും, നന്നങ്ങാടികളും കണ്ടെത്തി കുട്ടികൾ ചരിത്ര വസ്തുതകൾ രേഖപ്പെടുത്തി. അധ്യാപകരും കുട്ടികളും ചേർന്നു തയാറാക്കിയ വിവരങ്ങൾ ഉൾപ്പെടുത്തി ‘ആകാശത്തിനും ജലത്തിനും മീതേ’ എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥം പുറത്തിറക്കി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടർ എസ്.കൃഷ്ണകുമാർ പുസ്തകം ഡിഡിഇ ഡോ.ഗിരീഷ് ചോലയിലിനു നൽകി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ചന്ദ്രൻ മുട്ടത്ത് പുസ്തക പരിചയം നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. എഇഒ വി.ദിനേശ സമ്മാനദാനം നടത്തി. ബിപിഒ പി.വിജയകുമാർ, പി.മനോജ് കുമാർ, എൻ.സുധാകര, പിടിഎ പ്രസിഡന്റ് അബ്ദുൽ റഹീം മീപ്പിരി, സ്റ്റാഫ് സെക്രട്ടറി കെ.വി.ശ്രീനിവാസൻ, കെ.ശശിധരൻ, പ്രധാനാധ്യാപിക ഷോളി സെബാസ്റ്റ്യൻ, റീഷ്മ എന്നിവർ പ്രസംഗിച്ചു.<

LEAVE A REPLY

Please enter your comment!
Please enter your name here