മഞ്ചേശ്വരം ബ്ലോക്കിന് കേരളത്തിന്റെ കയ്യടി; പ്രളയബാധിതര്‍ക്ക് നല്‍കിയത് പതിനാറ് ടണ്‍ സാധനം

0
257

കാസര്‍കോട്(www.mediavisionnews.in): ഒരു ഭരണം കൂടം ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ടൺ കണക്കിന് സാധനങ്ങളുമായി കടന്നുചെല്ലുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് വയനാട് കല്കട്രേറ്റ് സാക്ഷിയായി. ഇങ്ങ് അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് വയനാടിന്റെ മണ്ണില്‍ പ്രളയകെടുതിയില്‍ തളര്‍ന്നിരിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ ലോഡ് കണക്കിന് അവശ്യവസ്തുക്കളുമായി ചെന്നത്.

പ്രസിഡണ്ട് എ.കെ.എം.അഷറഫിന്റെ നേതൃത്വത്തില്‍ വയനാട്ടിലെത്തിയ സംഘത്തെ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മായില്‍ വയനാട് എന്നിവര്‍ കലക്‌ട്രേറ്റ് മുറ്റത്തേക്ക് ഇറങ്ങി വന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള സംഘത്തെ പ്രശംസകൊണ്ട് മൂടി.

ഒരു ഭരണകൂടം ആദ്യമായാണ് ദുരിതബാധിതര്‍ക്കുവേണ്ടി സമാഹരണം നടത്തുന്നതെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കാന്‍ വാക്കുകളില്ലെന്നും കലക്ടറും എം.എല്‍.എയും ഒരേ സ്വരത്തില്‍ പറഞ്ഞു.

ദുരിത വാര്‍ത്ത പുറത്തുവന്ന അന്നുമുതല്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് പ്രസിഡണ്ട് എ.കെ.എം.അഷറഫും സഹപ്രവര്‍ത്തകരും കേരളത്തിന്റെ ദുരിതാശ്വാസത്തിന് വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. നിരവധി ക്ലബ്ബുകളും സന്നദ്ധസംഘടനകളും മഞ്ചേശ്വരം ബ്ലോക്കിന് കീഴിലെ വിദ്യാലയങ്ങളും വിവിധ ആരാധനാലയ കമ്മിറ്റികളും ബ്ലോക്ക് പഞ്ചായത്തിന്റെ നന്മയുള്ള പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു.

വയനാട്ടിലെത്തിയ സംഘം വിവിധ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച് ദു:ഖിക്കുന്ന ജനങ്ങളെ ആശ്വസിപ്പിച്ചു. ആവശ്യമാണെങ്കില്‍ വീണ്ടും സാധനസാമഗ്രികള്‍ എത്തിക്കുമെന്ന് പ്രസിഡണ്ട് അഷറഫ് ജില്ലാ കല്ക്ടറേയും എം.എല്‍.എയേയും അറിയിച്ചു.

വയനാടിന് പുറമെ ഇടുക്കി, ആലപ്പുഴ, എറണാക്കുളം എന്നി ജില്ലകളിലേക്കും ബ്ലോക്ക് പഞ്ചായത്തിന്റെ സഹായഹസ്തം അടുത്ത ദിവസം പുറപ്പെടും. അരിയും വെള്ളവും പാത്രങ്ങളും വസ്ത്രങ്ങളുമടക്കം ഒരു കുടുംബത്തിന് ആവശ്യമുള്ള സര്‍വ്വതും ബ്ലോക്ക് പഞ്ചായത്തിന്റെ ആശ്വാസകിറ്റുകളിലുണ്ട്.

കേരളത്തില്‍ തന്നെ ഒരു ബ്ലോക്ക് പഞ്ചായത്ത് ദുരിതബാധിതര്‍ക്കുമുന്നിലേക്ക് സഹായുമായി എത്തുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നാണെന്ന് കലക്ടര്‍ ആവേശത്തോടെ പറഞ്ഞപ്പോള്‍ അത് ജില്ലയ്ക്ക് മൊത്തമുള്ള അംഗീകാരമായി മാറിയതായി പ്രസിഡണ്ട് എ.കെ.എം.അഷറഫ് പറഞ്ഞു.

മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, എം.ബി.യൂസഫ് ഹാജി, ഗോള്‍ഡന്‍ റഹ്മാന്‍, ഉമ്മര്‍ അപ്പോളോ, സെഡ്.എ.കയ്യാര്‍, എബി കുട്ടിയാനം, സിദ്ദീഖ് മഞ്ചേശ്വരം, എം.പി.നവാസ്, ഷുക്കൂര്‍ ഹാജി രാജധാനി എന്നിവരും സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here