ഫ്രിഡ്ജിൽ സൂക്ഷിച്ച അയല വെട്ടി; കൈയിലെ സ്വർണാഭരണങ്ങൾ വെള്ളിയായി; അമ്പരപ്പ്

0
337

കോട്ടയം(www.mediavisionnews.in):മീൻ വെട്ടിയപ്പോൾ വീട്ടമ്മയുടെയും മക്കളുടെയും അഞ്ചര പവൻ സ്വർണാഭരണങ്ങൾ വെള്ളി നിറമായി. ചമ്പക്കര ആശ്രമംപടി കക്കാട്ടുകടവിൽ ദീപു വർഗീസിന്റെ ഭാര്യ ജിഷ(32)യുടെയും മക്കളുടെയും സ്വർണാഭരണങ്ങളാണു വെള്ളി നിറമായത്. കഴിഞ്ഞ ബുധനാഴ്ച കറുകച്ചാൽ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽനിന്നാണ് ജിഷ ഒരു കിലോ വീതം അയലയും കിരിയാനും വാങ്ങിയത്.

വാങ്ങിയ മീൻ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. 27ന് രാവിലെ അയല വെട്ടിയപ്പോൾ ജിഷയുടെ കൈവിരലിലെ അരപ്പവൻ വിവാഹ മോതിരത്തിന്റെ നിറം മാറി. എന്നാൽ ഇവർ ഇതു കാര്യമാക്കിയില്ല. കഴിഞ്ഞ ദിവസം രാവിലെ കിരിയാൻ വെട്ടാനെടുത്തു. ജിഷയുടെ കുട്ടികളായ അഞ്ച് വയസ്സുകാരൻ ഡിയോണും ഒന്നര വയസ്സുകാരി ഡെൽനയും കൈയിട്ടതോടെ ഇവരുടെ സ്വർണാഭരണങ്ങളുടെയും നിറം മാറി.

ഡിയോണിന്റെ കൈയിലെ അരപവൻ സ്വർണ ചെയിനും ഡെൽനയുടെ രണ്ടു പവൻ വീതം തൂക്കം വരുന്ന രണ്ട് വളകളും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ കൊലുസും വെള്ളി നിറത്തിലായി.

മീൻ കേടാകാതിരിക്കാൻ ചേർത്ത രാസവസ്തുക്കളാണ് നിറമാറ്റത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇതേ തുടർന്ന് ദീപുവും ജിഷയും മീനും നിറം മാറിയ സ്വർണാഭരണങ്ങളുമായി കറുകച്ചാലിലെ മാർക്കറ്റിലെത്തി ഉടമയെ വിവരമറിയിച്ചു.

പായിപ്പാട്ടുനിന്നുമാണ് മീൻ വാങ്ങുന്നതെന്നും ഗുണമേന്മയെക്കുറിച്ച് അറിയില്ലെന്നും പൊലീസിൽ പരാതി നൽകാനും മാർക്കറ്റ് ഉടമ നിർദേശിച്ചു. തുടർന്ന് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകി. മീൻ സൂക്ഷിച്ചുവയ്ക്കാനുള്ള പൊലീസ് നിർദേശത്തെ തുടർന്ന് മീൻ ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവർ.

നിറം മാറിയ സ്വർണാഭരണങ്ങളിൽ വേഗം കളർ ചേർത്തില്ലെങ്കിൽ സ്വർണം ദ്രവിച്ചുപോകുമെന്നും വെള്ളി നിറം കൂടുതൽ പടരുമെന്നുമാണ് സ്വർണം വാങ്ങിയ ജ്വല്ലറിയിൽനിന്നു ദീപുവിനും ജിഷയ്ക്കും നിർദേശം ലഭിച്ചത്.

മീനിലെ രാസസാന്നിധ്യം മനസ്സിലാക്കുന്നതിനു വിദഗ്ധ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി ഇന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുമെന്നും അതേസമയം സമാന കേസുകൾ വേറെ വന്നിട്ടില്ലെന്നും കറുകച്ചാൽ പൊലീസ് അറിയിച്ചു.

മേയ് 21ന് വാകത്താനം പൊങ്ങന്താനം കട്ടത്തറയിൽ കെ.എസ്.ജോസഫിന്റെ (അപ്പച്ചൻ) മകൾ ജെസിയുടെ മോതിരങ്ങൾക്കും മീൻ വെട്ടിയതിനെ തുടർന്ന് നിറം മാറ്റം സംഭവിച്ചിരുന്നു.

ഏതാനും മാസം മുൻപ് ചങ്ങനാശേരിയിലും നാലുകോടിയിലും സമാന രീതിയിൽ സംഭവങ്ങൾ ഉണ്ടായി. അന്നെല്ലാം മത്തിയായിരുന്നു വില്ലൻ. എന്നാൽ ഇപ്പോൾ മറ്റ് മീനുകളിലേക്കും രാസ വസ്തുക്കൾ വ്യാപിച്ചതോടെ ജനം ഭീതിയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here