ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
191

ആലപ്പുഴ(www.mediavisionnews.in):പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൊണ്ടുവന്ന സാധനങ്ങള്‍ മോഷ്ടിച്ച ബി ജെ പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ നിന്നെത്തിയ സാധനങ്ങളില്‍ നിന്ന് 5 ചാക്ക് അരി, ഒരു ചാക്ക് ചെറുപയര്‍, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാല്‍പ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജര്‍ കൂടിയായ ഇയാള്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള കെട്ടിടം ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാനായി രണ്ടു മുറികള്‍ വിട്ടു നല്‍കിയിരുന്നു. ഇതില്‍ ഒരു മുറിയില്‍ വസ്ത്രങ്ങളും മറ്റൊന്നില്‍ അരിയുള്‍പ്പടെയുള്ള സാധനങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ രാജീവ് പൈ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങള്‍ തലച്ചുമടായി മാറ്റുകയായിരുന്നു.

മോഷണത്തില്‍ വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റും തകഴി സ്വദേശിയുമായ സന്തോഷിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here