ഇന്ന് 27 മരണം; 10,000 പേര്‍ കുടുങ്ങിക്കിടക്കുന്നു; വൈദ്യുതിയും ഇന്റര്‍നെറ്റും ഫോണ്‍ സംവിധാനവും ഇല്ലാതായതോടെ പല പ്രദേശങ്ങളിലെയും ജനങ്ങളുടെ ദുരിതം പുറത്തുവരുന്നില്ല

0
220

കൊച്ചി(www.mediavisionnews.in): പ്രളയദുരന്തത്തില്‍ ഇന്ന് മാത്രം 27 മരണം. ഇന്ന് ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണിത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും. ഉരുള്‍പൊട്ടിയും വീട് തകര്‍ന്നുവീണും മണ്ണിടിഞ്ഞുവീണുമാണ് മരണങ്ങളേറെയും. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് വീടുകളിലും ഫ്‌ലാറ്റുകളിലും സ്ഥാപനങ്ങളിലുമായി 10,000ത്തിലേറെ പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

പല ആശുപത്രികളിലും രോഗികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് രോഗികള്‍ ആശുപത്രികളില്‍ കുടുങ്ങിക്കിടക്കുന്നത്. ദേശീയപാതകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിക്കഴിഞ്ഞു. ആലുവ, കുട്ടനാട്, ചെങ്ങന്നൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആറന്മുള, കോതമംഗലം എന്നിവിടങ്ങളിലാണ് കൂടുതല്‍ വെള്ളപ്പൊക്കം. ചാലക്കുടി പുഴയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരും പെരിയാറില്‍ ഇപ്പോള്‍ വെള്ളം കയറിയതിന്റെ അരകിലോ മീറ്റര്‍ ചുറ്റളവിലുള്ളവരും ഒഴിഞ്ഞുപോകണമെന്നാണ് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയാറില്‍ ഒരു മീറ്റര്‍ കൂടി വെള്ളം ഉയരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കഴിഞ്ഞ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും വലിയ നീരൊഴുക്ക് മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കി ഡാമിലേക്ക് ഉണ്ടാകാം. അങ്ങനെ വന്നാല്‍ ഇടുക്കിയില്‍ നിന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരും. മാട്ടുപ്പെട്ടി, കുണ്ടള, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനാല്‍ ആ വെള്ളവും പെരിയാറിലേക്ക് ഒഴുകിയെത്തുകയാണ്. ഈ ഡാമുകള്‍ക്കെല്ലാം താഴെയുള്ള ഭൂതത്താന്‍കെട്ട് ഡാം ഷട്ടറുകള്‍ എല്ലാം ഉയര്‍ത്തിയെങ്കിലും നിറഞ്ഞുകവിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതോടെ പെരിയാറില്‍ ഒരു മീറ്റര്‍ മാത്രമാണോ വെള്ളം ഉയരുക എന്ന കാര്യത്തില്‍ അവ്യക്തത ഉണ്ട്. ഇതുപോലെ തന്നെയാണ് ചാലക്കുടി പുഴയുടെയും അവസ്ഥ. പൊരിങ്ങല്‍കുത്ത് ഡാം തുറന്നതോടെ ചാലക്കുടി പുഴയിലെ ജലം ഇരട്ടിയായി. എറണാകുളം നഗരവും വെള്ളത്തിനടിയിലേക്ക് നീങ്ങുകയാണ്. ഇടപ്പള്ളി തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് കൊച്ചി നഗരത്തില്‍ വെള്ളം കയറിത്തുടങ്ങിയത്.

സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഫ്‌ലാറ്റുകളിലും വീടുകളിലും താമസം തുടര്‍ന്നവരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

വൈദ്യുതിയും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സംവിധാനവും ഇല്ലാതായതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പുറത്തുവരുന്നില്ല. എറണാകുളം, ആലുവ, ചാലക്കുടി തുടങ്ങിയ നഗരങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മാത്രമാണ് മാധ്യമങ്ങളില്‍ പോലും വരുന്നത്. ഉള്‍പ്രദേശങ്ങളിലെ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ദുരിതാശ്വാസ ചുമതല പൂര്‍ണമായും സൈന്യത്തിന് കൈമാറണമെന്ന് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ആവശ്യപ്പെട്ടു.

മൂവാറ്റുപുഴയിലെ ശിവന്‍കുന്ന്, എന്‍എസ്എസ് കുന്ന് ഒഴികെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും ഒറ്റപ്പെട്ടു. വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ഇന്റര്‍നെറ്റ് സേവനം നിലച്ചു. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം വെള്ളം കയറി. ഇത് തന്നെയാണ് കോതമംഗലം നഗരത്തിലെ അവസ്ഥ. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെ പെരിയാറിന്റെ തീരം ഏതാണ്ട് മുഴുവനായും വെള്ളത്തിനടിയിലായി. എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയി. ആലുവ നഗരത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും വെള്ളം കയറി. പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാം വെള്ളം കയറി. തൊടുപുഴയില്‍ സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കിയിലെ ഓരോ പ്രദേശങ്ങളും ഒറ്റപ്പെട്ട തുരുത്തായി മാറി. വൈദ്യുതി, ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിക്കപ്പെട്ടതോടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇടുക്കി ജില്ലയിലുള്ളവര്‍ക്ക് ഡാമിലെ ജലനിരപ്പോ ടെലിവിഷന്‍ വഴിയുള്ള അറിയിപ്പുകളോ ലഭ്യമാകാത്ത അവസ്ഥയാണ്. റോഡ് ഗതാഗതം തകര്‍ന്നതോടെ മൈക്കിലൂടെയുള്ള സര്‍ക്കാരിന്റെ മുന്നറിയിപ്പുകളും ജനങ്ങളിലെത്തുന്നില്ല. പല പ്രദേശങ്ങളും ഒറ്റപ്പെട്ടെങ്കിലും ഇത് മാധ്യമങ്ങളെയോ അധികാരികളെയോ അറിയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതോട് കൂടി ചികിത്സാ സൗകര്യം ലഭ്യമല്ല. മെഡിക്കല്‍ സ്‌റ്റോറുകളടക്കം അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഭക്ഷണത്തിനും ശുദ്ധജലത്തിനും ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. ഏതാണ്ട് എല്ലാ മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലാണ്. കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. പച്ചക്കറി വിതരണം നിലച്ചു. പെട്രോള്‍ പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ചുതുടങ്ങി. രാത്രിയാകുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഇത് തന്നെയാണ് കേരളത്തിന്റെ പൊതു അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നത്.

എം.സി.റോഡില്‍ കാലടി ഒക്കല്‍ ഭാഗത്ത് വെള്ളം കയറിയതോടെ പെരുമ്പാവൂര്‍അങ്കമാലി റോഡില്‍ ഗതാഗതം നിലച്ചു. ആലുവഎറണാകുളം നാഷണല്‍ ഹൈവേയില്‍ കമ്പനിപ്പടി ഭാഗത്ത് റോഡ് പുഴയായി മാറിയതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.കൊച്ചി മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതോടെ മെട്രോ സര്‍വ്വീസും നിലച്ചു. ആലുവയില്‍ ഓരോ നിമിഷവും വെള്ളം കുതിച്ചുയരുന്ന അവസ്ഥയാണ്. തോട്ടു മുഖത്ത് വെള്ളം കയറിയതോടെ ആലുവ മൂന്നാര്‍ റോഡില്‍ ഗതാഗതം നിലച്ചു. ആലുവമൂന്നാര്‍ റോഡില്‍ കോതമംഗലം നഗരത്തില്‍ വെള്ളം കയറിയതോടെ ഹൈറേഞ്ചിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. മൂന്നാര്‍ റോഡില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഗതാഗതം നിലക്കാന്‍ ഇടയാക്കി. കോട്ടയംകുമളി റോഡിലും കുമളിമൂന്നാര്‍ റോഡിലും തൊടുപുഴകട്ടപ്പന റോഡിലും വാഗമണ്‍തൊടുപുഴ റോഡിലും ഗതാഗതം നിലച്ചു.

മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം തുറന്നു വിട്ടതോടെ വണ്ടിപ്പെരിയാര്‍ മുതല്‍ ചപ്പാത്ത് വരെ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മൂവാറ്റുപുഴ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ കൊച്ചി ധനുഷ് കോടി ഹൈവേയിലെ ഗതാഗതവും മുടങ്ങി. റാന്നി, കോഴഞ്ചേരി ,ആറന്മുള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.കോഴിക്കോട്‌വയനാട് റോഡും നെല്ലിയാമ്പതി റോഡും അട്ടപ്പാടി റോഡും ഗതാഗതം നിലച്ച നിലയിലാണ്.

അതേസമയം, കനത്ത മഴയില്‍ എറണാകുളം റോഡ്‌സ് ഡിവിഷനിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. അപകട സാധ്യത മുന്‍കൂട്ടി കണ്ട് ഈ റോഡുകളില്‍ യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here