എസ്ഡിപിഐ കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ്; ഇടുക്കിയില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ എണ്‍പതോളം പോപുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍

0
207

കൊച്ചി (www.mediavisionnews.in):എസ്ഡിപിഐ അരുംകൊല ചെയ്ത മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി റെയ്ഡ്. കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും പീരുമേട്ടില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ എണ്‍പതിലധികം എസ്്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രിതമാണെന്ന വ്യക്തമായ സൂചന ആദ്യ ദിവസം തന്നെ പൊലീസിന് ലഭിച്ചിരുന്നു.

ആയുധ പരിശീലനം ലഭിച്ച 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെയാണ് ഇതിനകം പിടികൂടിയത്. കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് അമാനി (19), പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫോര്‍ട്ട്കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37) എന്നിവരാണ് അറസ്റ്റിലായത്.

വിവിധ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് അക്രമിസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ വന്ന എട്ട് ബൈക്കും ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും സര്‍ക്കുലര്‍ കൈമാറി. പ്രതികളില്‍ ചിലരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു. അക്രമിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി നല്‍കിയ സെയ്ഫുദ്ദീന്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here