സൗദിയില്‍ വനിതാ ഡ്രൈവര്‍ വരുത്തിയ ആദ്യ അപകടം; കാറോടിച്ചു കയറ്റിയത് തുണിക്കടയിലേക്ക്

0
224

ജിദ്ദ (www.mediavisionnews.in): സൗദിയില്‍ വനിതാ ഡ്രൈവിംഗിനു മേലുള്ള നിരോധനം എടുത്തുകളഞ്ഞ് ഒരു മാസം തികയാനിരിക്കെ വനിതാ ഡ്രൈവര്‍ വരുത്തുന്ന ആദ്യ വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഹ്‌സയിലെ അല്‍ മുബ്‌റാസ് പട്ടണത്തിലായിരുന്നു അപകടം. അല്‍ നജാഹ് സ്ട്രീറ്റിലെ ഷോപ്പുകളിലൊന്നിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ട്രാഫിക് പോലിസ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ കടയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ജൂണ്‍ 24നായിരുന്നു വര്‍ഷങ്ങളായി നിലനിന്നിരിക്കുന്ന വനിതാ ഡ്രൈവിംഗ് നിരോധനം സൗദി നിര്‍ത്തലാക്കി സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയത്.

കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. വാഹനം നിര്‍ത്തുന്നതിന് ബ്രേക്കില്‍ കാല്‍ അമര്‍ത്തുന്നതിന് പകരം ആക്‌സിലേറ്ററിലാണ് അമര്‍ത്തിയതെന്ന് വനിതാ ഡ്രൈവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ 12 മീറ്ററോളം ഷോപ്പിനകത്തേക്ക് കയറിയാണ് നിന്നത്. ആ സമയത്ത് പ്രായമുള്ള ഒരു സ്ത്രീ മാത്രമേ ഉപഭോക്താവായി കടയിലുണ്ടായിരുന്നുള്ളൂ. കാറിടിച്ച്‌ അവര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് പോലിസ് അറിയിച്ചു. കാര്‍ കടയ്ക്കകത്തേക്ക് പാഞ്ഞുകയറുന്നത് കണ്ട ജീവനക്കാര്‍ പരിഭ്രാന്തരായി. ഒരു സെയില്‍സ്മാനും പരിക്കേറ്റിട്ടുണ്ട്. തലയിലും കൈയിലുമാണ് പരിക്ക്. ഇയാളെ അല്‍ ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയില്‍ കൂടുതല്‍ ആളുകള്‍ ഇല്ലാത്തതാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നും പോലിസ് അറിയിച്ചു. അപകടം ഷോപ്പിലെ സി.സി.ടി.വി കാമറയില്‍ പകര്‍ന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവറുടെ ഭര്‍ത്താവ് മുന്‍സീറ്റില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇയാള്‍ക്കും പരിക്കില്ല. പൊതുവെ വാഹനാപകട നിരക്ക് കൂടുതലുള്ള സൗദിയില്‍ വനിതാ ഡ്രൈവിംഗ് നിലവില്‍ വരുന്നതോടെ അത് കുറയുമെന്ന് പോലിസ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 24ന് വനിതാ ഡ്രൈവിംഗ് അനുവദിക്കപ്പെട്ട ശേഷം ആദ്യത്തെ അപകടമാണിതെന്നത് ഈ നിഗമനം ശരിയാണെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here