തടസ്സം നീങ്ങി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്‌ കെട്ടിട സമുച്ചയം ഉടന്‍

0
195

കാസര്‍കോട്‌ (www.mediavisionnews.in):  ആറു വര്‍ഷത്തെ അനിശ്ചിതത്വത്തിനും ജനകീയ സമരങ്ങള്‍ക്കും ശേഷം ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളേജ്‌ ആശുപത്രി ബ്ലോക്ക്‌ നിര്‍മ്മാണത്തിനു ടെന്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ 85 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നത്തിന്റെ തടസ്സം നീങ്ങിയതായി എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍ .എ അറിയിച്ചു.

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ്‌ നിര്‍മ്മാണ കരാര്‍ നല്‍കുക. 2013ല്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളേജിനു വേണ്ടി നിര്‍മ്മിച്ച റോഡ്‌ ഇതിനിടയില്‍ ഒലിച്ചു പോയിരുന്നു. മെഡിക്കല്‍ കോളേജിന്റെ അക്കാഡമിക്‌ ബ്ലോക്ക്‌ ഏതാണ്ടു പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ആശുപത്രി ബ്ലോക്ക്‌ പണി തുടങ്ങാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ്‌ 500 രോഗികളെ കിടത്തി ചികിത്സിക്കാന്‍ പര്യാപ്‌തമായ രീതിയില്‍ മൂന്നുനില കെട്ടിടം നിര്‍മ്മിക്കുന്നതിന്‌ ടെണ്ടര്‍ അനുമതി നല്‍കിയത്‌. 80 കോടി രൂപയാണ്‌ ഇതിന്‌ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌. കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജും യാഥാര്‍ത്ഥ്യമാകുന്നതോടെ പതിറ്റാണ്ടുകളായി ഉയരുന്ന പരാതികള്‍ക്കാണ്‌ ജില്ലയുടെ ആരോഗ്യ മേഖലയില്‍ പരിഹാരമാകുക.

എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള ചികിത്സാ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടാവാത്തതിനെതിരെ സംസ്ഥാന വ്യാപകമായി തന്നെ പ്രതിഷേധം രൂപം കൊള്ളുന്നതിനിടെയാണ്‌, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്‌ ഉടന്‍ ടെന്‍ഡര്‍ അനുമതി ലഭിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here