അപകടസ്ഥലത്ത് നോക്കിനിന്നാല്‍ ഇനി കനത്ത പിഴ ശിക്ഷ ലഭിക്കും

0
210

ദുബായ് (www.mediavisionnews.in):  പോകുന്നവഴിക്ക് എന്തെങ്കിലും വാഹനാപകടങ്ങള്‍ കണ്ടാല്‍ സ്വന്തം വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം അപകടം നടന്ന സ്ഥലത്ത് പോയി നോക്കി നില്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അതിനും സമയമില്ലാത്തവര്‍ വേഗത കുറച്ച് എല്ലാം നോക്കിക്കണ്ട് കടന്നുപോകും. എന്നാല്‍ ഇത്തരം നടപടികള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്.

വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നോക്കി നില്‍ക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബായ്-അല്‍ഐന്‍ റോഡിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമിത വേഗത്തില്‍ വന്ന വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ച് ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ അപകടം നടന്നയുടന്‍ നിരവധിപ്പേര്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ പൊലീസ് പട്രോളിങ് സംഘത്തിനും ആംബുലന്‍സിനും സ്ഥലത്തെത്താന്‍ പ്രയാസപ്പെടേണ്ടിവന്നു.

അപരിഷ്കൃതമായ പ്രവൃത്തിയാണിതെന്നാണ് പൊലീസ് വിശദീകരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരുടെയും മറ്റ് വാഹനങ്ങളിലുള്ളവരുടെയും ജീവന്‍ അപകടത്തിലാവാന്‍ ഇത്തരക്കാര്‍ കാരണമാവും. ഗതാഗതം തടസ്സപ്പെടുകയും പിന്നീട് ആംബുലന്‍സിന് പോലും സ്ഥലത്തെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അല്‍ ഐന്‍ ട്രാഫിക് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി അറിയിച്ചു.

അപകടസ്ഥലത്ത് എത്തിനോക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നിയമം 2017 മുതല്‍ രാജ്യത്ത് പ്രബല്യത്തിലുണ്ട്. പിഴ ശിക്ഷ 1000 ദിര്‍ഹമായി ഉയര്‍ത്തുകയാണ് ട്രാഫിക് അധികൃതര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here