സിപിഎമ്മിനെ വെട്ടിലാക്കി കെടി ജലീലിന്‍റെ മാപ്പ് പറച്ചില്‍; ഏറ്റവും ദുഃഖിപ്പിച്ച സംഭവമെന്നും മന്ത്രി

0
314

കോഴിക്കോട് (www.mediavisionnews.in): കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബഡജറ്റ് ദിനത്തിന്‍ അന്നോളം കണ്ടിട്ടില്ലാത സംഭവവികാസങ്ങള്‍ക്കായിരുന്നു കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ നിയമസഭക്ക് പുറത്ത് നടത്തിയിരുന്നു.

നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിച്ചാല്‍ തടയുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചെങ്കിലും ഇതിനെയെല്ലാം വെല്ലുവിളിച്ച് കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ തയ്യാറായതോടെ നിയമസഭ അക്രമക്കളമായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേര വലിച്ചെറിയുകയും ചെയ്തു. ആ സംഭവം തെറ്റായി പോയി എന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍ ഇപ്പോള്‍.

മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ ഉണ്ടായത് 2 ലക്ഷം രൂപയുടെ നാശനഷ്ടമായിരുന്നു. ഇടത് അംഗങ്ങളായ ശിവന്‍കുട്ടി, കെടി ജലീല്‍, ഇപി ജയരാജന്‍, കെ അജിത്, കെ കുഞ്ഞഹമ്മദ് എന്നിവര്‍ക്കെതിരെ അന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കേസില്‍ പ്രതിയായ വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് ഇടത് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുയാണെന്നും മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍ ശിവന്‍കുട്ടി പറഞ്ഞിരുന്നു.

മാണിയുടെ ബജറ്റ് ദിനത്തില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ മാപ്പ് പറച്ചിലുമായി കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീല്‍ രംഗത്ത് വന്നിരുന്നു. ഇത് ഇടതുമുന്നണിയില്‍, പ്രത്യേകിച്ചും സിപിഎമ്മിന് തിരിച്ചടിയായി. സിപിഎം ഇതുവരെ അന്ന് നിയമസഭയില്‍ നടന്ന സംഭവത്തെ ഇതുവരെ തള്ളിപ്പറയാത്ത സാഹചര്യത്തിലാണ് അത് തെറ്റായി പോയി എന്ന് മന്ത്രി ജലീല്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം എടപ്പാളില്‍ അധ്യാപകര്‍ക്കായി നടത്തിയ ഏകദിന ശില്‍പ്പശാലയിലായിരുന്നു ബജറ്റ് ദിനത്തിലെ അക്രമസംഭവങ്ങളില്‍ മാപ്പ് പറഞ്ഞത്. സ്പീക്കറുടെ വേദി തകര്‍ത്തത് അടക്കമുള്ള സംഭവങ്ങളിലാണ് എകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞത്.

അന്നത്തെ സംഭവങ്ങളില്‍ അധ്യാപനായ താന്‍ പങ്കെടുത്തതില്‍ അധ്യാപകസമൂഹത്തോടും വിദ്യാര്‍ഥികളോടും ആത്മാര്‍ത്ഥമായി മാപ്പ് അപേക്ഷിക്കുന്നുവെന്ന് മന്ത്രിപറഞ്ഞെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അധ്യാപകന്‍ എന്ന നിലയില്‍ എറ്റവും അധികം ദുഃഖിപ്പിച്ച സംഭവം ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകനയാ ജനപ്രതിനിധികള്‍ക്ക് എല്ലാറ്റിനും നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതിലുള്ള പശ്ചാത്താപം മൂലമാണ് ക്ഷമാപണം നടത്തുന്നതെന്നും ജലീല്‍ വ്യക്തമാക്കി. ജലീലിന്റെ പ്രസ്താവന യുഡിഎഫ് പുതിയ രാഷ്ട്രീയ ആയുധം ആക്കുമോ എന്ന ആശങ്കയാണ് ഇടതുമുന്നണിക്ക് ഇപ്പോള്‍ ഉള്ളത്.

ബാര്‍ കോഴ ആരോപണത്തെ മൊത്തത്തില്‍ തള്ളിപ്പറയാന്‍ ജലീലിന്റെ എറ്റുപറയല്‍ യുഡിഎഫ് ചൂണ്ടിക്കാണിച്ചേക്കും. ആരോപണ വിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുക എന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാട് ആയിരുന്നുവെന്നും സിപിഎം നേതാവ് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്നത്തെ രാഷ്ട്രീയ നിലപാടില്‍ നിന്ന് സിപിഎം പിന്നോട്ട് പോയിട്ടില്ല. എല്‍ഡിഎഫിന്റെ ഏറ്റവും വലിയ പോരാട്ടമായി മാറിയ സമരമാണതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനായതിന്റെ പേരിലാണ് ജലീല്‍ മാപ്പ് പറയുന്നതെങ്കില്‍ താന്‍ 36 വര്‍ഷം അധ്യാപകനായിരുന്നെന്ന് കെകെ കുഞ്ഞമ്മദ് പ്രതികരിച്ചു.

മുന്നണിയും പാര്‍ട്ടിയും നിലപാട് മാറ്റിപ്പറയാത്ത കാലത്തോളം തങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നേതൃത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശിവന്‍ കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിലപാട് വ്യ്ക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here