റേഞ്ച് ഇല്ലെങ്കിലും കോള്‍ ചെയ്യാം; ടെലികോം രംഗത്ത് മറ്റൊരു ‘മത്സരക്കള’ത്തിന് തറക്കല്ലിട്ട് ജിയോ

0
208

മുംബൈ ( www.mediavisionnews.in):രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു.  വമ്പന്‍ ഓഫറുകളും സംവിധാനങ്ങളും ഒരുക്കി നേട്ടം കൊയ്യാന്‍ ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനികള്‍.

ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മോശമായ റേഞ്ചാണ്.  നിര്‍ണായ ഘട്ടങ്ങളില്‍ കോള്‍ ചെയ്യാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഇത്  ഉപഭോക്താക്കളെ വെട്ടിലാക്കാറുണ്ട്. ഇപ്പോള്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി രംഗത്തു വന്നിരിക്കുകയാണ് റിലയന്‍സ് ജിയോ. വൈഫൈ ഉപയോഗിച്ച് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജിയോ. സിഗ്‌നല്‍ മോശമാണെങ്കില്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച് കോള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. പുതിയ സേവനം അധികം വൈകാതെ ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്ന് ജിയോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ജിയോ ഉപയോക്താക്കള്‍ പരസ്പരം നടത്തുന്ന കോളുകള്‍ക്ക് മാത്രമാകും തുടക്കത്തില്‍ പുതിയ സംവിധാനം ലഭ്യമാകുക. ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിക്കാനാണ് ജിയോ പദ്ധതിയിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ സേവനം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതി സഹായകരമാകുമെന്നാണ് ജിയോ കരുതുന്നത്. ഗ്രാമീണ മേഖലയിലും നഗരങ്ങളിലൂം പൊതു സൗജന്യ വൈഫൈ സേവനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. അടുത്ത മാസത്തോടെ 10,000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ രാജ്യത്താകെ സൃഷ്ടിക്കാനാണ് ടെലികോം മന്ത്രാലയത്തിന്റെ പരിപാടി.

പുതിയ 4ജി ജിയോ ഫോണുകളിലും വോയ്‌സ് ഓവര്‍ വൈഫൈ എന്ന സവിശേഷത ജിയോ സംയോജിപ്പിക്കുന്നുണ്ട്. ടെലികോം രംഗത്ത് ഈ മേഖലയിലും മറ്റ് പ്രമുഖ ടെലികോം കമ്പനികളെയും പിന്നിലാക്കി ആധിപത്യം നേടാനാണ് ജിയോയുടെ നീക്കം. ഉപയോക്താക്കള്‍ക്ക് ഈ സേവനം നല്‍കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ വേഗത്തില്‍ അത്  പൂര്‍ത്തിയാണമെന്ന് ജിയോ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here