മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

0
214

തിരുവനന്തപുരം (www.mediavisionnews.in): മുന്‍ഗണനപട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ നിര്‍ദേശം.

തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവര്‍ പട്ടികയിലെത്തും. കേന്ദ്ര ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച്‌ സംസ്ഥാനത്ത് 1,54,80,042 പേര്‍ക്കാണ് സൗജന്യറേഷന് അര്‍ഹത. എന്നാല്‍, കേരളം തയാറാക്കിയ മുന്‍ഗണനാപട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹര്‍ കടന്നുകൂടിയതോടെ ഇവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.

സംസ്ഥാന സര്‍ക്കാറിന്റെ കണക്കനുസരിച്ച്‌ സൗജന്യറേഷന് അര്‍ഹതയുള്ളവരില്‍ 80 ശതമാനം മാത്രമാണ് റേഷന്‍ കൈപ്പറ്റുന്നത്. ബാക്കി 20 ശതമാനം അനര്‍ഹമായി റേഷന്‍ വാങ്ങാതെ ചികിത്സാസൗകര്യമടക്കം മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ്. ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവരെ പുറത്താക്കുന്നതോടെ അര്‍ഹരായ 20 ശതമാനം പേരും പട്ടികയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും റേഷന്‍ വാങ്ങാത്തവരാണെങ്കില്‍ ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. പകരം ഇവരുടെ റേഷന്‍ അര്‍ഹര്‍ക്ക് വീതിച്ച്‌ നല്‍കും. ഇതിന് നടപടി തുടങ്ങി. എ.എ.വൈ കാര്‍ഡുകാര്‍ക്ക് (മഞ്ഞ) 28 കിലോ അരിയും ഏഴ് കിലോ ഗോതമ്ബും മുന്‍ഗണനകാര്‍ഡുകാര്‍ക്ക് (പിങ്ക്) ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്ബും സൗജന്യമായി നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here