മഞ്ചേശ്വരത്തെ കന്നഡ സ്കൂളുകളിൽ മലയാളം പഠനത്തിന് സൗകര്യമൊരുക്കണം; മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി

0
262

മഞ്ചേശ്വരം (www.mediavisionnews.in): ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസ്സംഘടിപ്പിച്ചു 62വർഷങ്ങൾ കഴിഞ്ഞിട്ടും, സ്വന്തം നാട്ടിൽ മലയാളം പഠിക്കാൻ അവസരമില്ലാതെ മഞ്ചേശ്വരം സബ്ജില്ലയിലെ കുട്ടികൾ.

ഭാഷാ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ കന്നഡ പഠനം തടസ്സപ്പെടാത്ത രീതിയിൽ, താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം പഠനത്തിനുള്ള അവസരമൊരുക്കണമെന്നു മഞ്ചേശ്വരം താലൂക്ക് കേരള ഭരണ ഭാഷാ വികസന സമിതി ആവശ്യപ്പെട്ടു.

2/7/2017-ൽ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവിറക്കുകയും (8445/D2/2017) SCERT നമ്മുടെ മലയാളം എന്നപേരിൽ പുസ്തകമിറക്കുകയും ചെയ്തിട്ടും പല സ്കൂളുകളിലും മലയാളം പഠനത്തിനുള്ള അവകാശം നിഷേധിക്കുകയാണ്. ഇത്തരം സ്കൂളുകളിൽ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരെ നിയമിക്കണമെന്നും മുതിർന്നവർക്ക് കൂടി മലയാളം പഠിക്കുവാൻ ജില്ലാ സാക്ഷരതാ മിഷൻ പദ്ധതി തയാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സമിതി പ്രസിഡന്റ് എം.കെ.അലിമാസ്റ്റർ അധ്യക്ഷം വഹിച്ചു. ഓ.എം റഷീദ് മാസ്റ്റർ, വിനായകൻ മാസ്റ്റർ, ഷുക്കൂർ ഹാജി, മഹമൂദ് കൈകമ്പ, രമണൻമാസ്റ്റർ, എസ്.എം.എ.തങ്ങൾ, അബ്ബാസ് ഓണന്ത, കാജാ അബ്ദുള്ള, മുഹമ്മദ്‌ അലി, അമീർ, അബ്ദുൾറസാഖ്, നസീർ, ചെമ്മു, ശരീഫ്, യഹ്‌യ ഖാൻ മാസ്റർ തുടങ്ങിയവർ സംസാരിച്ചു.

വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു ആഗസ്ത് നാലിനു മഞ്ചേശ്വരം എ.ഇ.ഓ.ഓഫിസിനു മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here