താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട; ഇനിമുതല്‍ കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം

0
220

തിരുവനന്തപുരം (www.mediavisionnews.in): ഇനിമുതല്‍ താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനമുപയോഗിച്ച്‌ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാം.

ഈ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് നിയമസഭയില്‍ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച്‌ റേഷന്‍ കടകളില്‍ ഇപോസ് സംവിധാനമൊരുക്കിക്കഴിഞ്ഞാല്‍ ഏത് കടയില്‍നിന്നും സാധനങ്ങള്‍ നല്‍കേണ്ടതാണ്.

ഈ സൗകര്യം ഉപയോഗിക്കുന്നതിനായി പൊജുജനങ്ങള്‍ക്ക് അവബോധം നല്‍കി ഫലപ്രദമായി നടപ്പാക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുറ്റമറ്റരീതിയില്‍ സംവിധാനം നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട, ഒരു റേഷന്‍കട തുറന്നിട്ടില്ലെങ്കില്‍ അടുത്ത കടയില്‍ പോകാം, മോശം സേവനം നല്‍കുന്ന റേഷന്‍കടയെ ഉപഭോക്താക്കള്‍ക്ക് ബഹിഷ്‌കരിക്കാം, റേഷന്‍കടക്കാര്‍ തമ്മില്‍ നല്ല സേവനം നല്‍കാന്‍ ആരോഗ്യകരമായ മത്സരം വരും, തിരക്കേറിയ ഷോപ്പ് ഒഴിവാക്കി തിരക്കുകുറഞ്ഞ കടകള്‍ തിരഞ്ഞെടുക്കാം, തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കടകള്‍ താനേ ഇല്ലാതാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

അതേസമയം, വ്യാപാരികളുടെ അടിസ്ഥാന വേതനം 18,000 രൂപയാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. പുതിയ ഉത്തരവ് ഗ്രാമങ്ങളിലെ കടകളുടെ വില്‍പ്പനയില്‍ വ്യാപകമായ കുറവുവരുന്ന സാഹചര്യമുണ്ടാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here