കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

0
223

കാസര്‍കോട് (www.mediavisionnews.in): കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 100 കേസുകള്‍. 2017 മാര്‍ച്ച് മാസം മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരിലാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാലവേലക്കും മറ്റുപീഡനങ്ങള്‍ക്കും ഇരകളാകുന്ന കുട്ടികളും ജില്ലയില്‍ ഏറെയാണ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരകളാകുന്ന പോക്‌സോ കേസുകളുടെ എണ്ണം ജില്ലയില്‍ മുന്‍കാലങ്ങളെക്കാള്‍ പെരുകിയിട്ടുണ്ട്. കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളാക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പലതും എങ്ങുമെത്താതെ പോകുന്ന സ്ഥിതിയുമുണ്ട്.

സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ ഇടപെടലാണ് കുട്ടികള്‍ക്കെതിരായ പീഡനവിവരങ്ങള്‍ പുറത്തുവരാന്‍ സഹായകമാകുന്നത്. പല കേസുകളിലും പ്രതിസ്ഥാനത്തുണ്ടാകുക കുട്ടികളുടെ ബന്ധുക്കളായിരിക്കും. അന്യസംസ്ഥാന തൊഴിലാളികളടക്കം പുറമെ നിന്നുള്ള ആളുകള്‍ പ്രതികളാകുന്ന കേസുകളുമുണ്ട്.

ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസുകള്‍ കോടതികളില്‍ വിചാരണക്കെടുക്കാന്‍ നേരിടുന്ന കാലതാമസങ്ങള്‍ കേസുകളെ പിന്നീട് ബാധിക്കുന്നുണ്ട്. പ്രതികളുടെയും അവരുടെ ആളുകളുടെയും സമര്‍ദങ്ങള്‍ക്കുവഴങ്ങി കോടതികളില്‍ കുട്ടികള്‍ മൊഴിമാറ്റിപ്പറയുന്ന അവസ്ഥയുമുണ്ട്. വഴങ്ങാത്ത കുട്ടികള്‍ പല തരത്തിലുള്ള മാനസികപീഡനങ്ങള്‍ക്കും ഇരകളാകുന്നു.

പീഡനം സ്വന്തം വീടുകളിലാകുമ്പോള്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കാണ് കുട്ടികള്‍ വിധേയരാകുന്നത്. അതുകൊണ്ടുതന്നെ പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു. ജില്ലയില്‍ കോടതിയില്‍ വരുന്ന കേസുകളില്‍ വലിയൊരു ശതമാനവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടവയാണ്. ബാലവേലയുമായി ബന്ധപ്പെട്ട് രണ്ടും ബാലവിവാഹവുമായി ബന്ധപ്പെട്ട് മൂന്നും കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here