ഉപഭോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; വൈദ്യുതി നിരക്ക് കൂടും

0
223

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നിരക്ക് വര്‍ധനവിന് കാരണമാകുക. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി തുക ബില്ലില്‍ കുറവ് ചെയ്യാതെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം വൈദ്യുതി ക്രോസ് സബ്സിഡി 20 ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒരു വിഭാഗത്തില്‍ നിന്ന് നിരക്ക് കൂട്ടി വാങ്ങി ആ തുക ഉപയോഗിച്ച് മറ്റൊരു വിഭാഗത്തിന് നിരക്ക് കുറച്ചു നല്‍കുന്ന രീതിയാണ് ക്രോസ് സബ്സിഡി. ഇത്തരത്തില്‍ 50 ശതമാനം ക്രോസ് സബ്സിഡി നല്‍കുന്നതിനാലാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിലവിലെ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ക്രോസ് സബ്‌സിഡി 20 ശതമാനത്തില്‍ താഴെയായാല്‍ വൈദ്യുതി നിരക്ക് ഉയരും. ഇപ്പോള്‍ 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 35 പൈസ വീതം സബ്സിഡി നല്‍കുന്നുണ്ട്.

പുതിയ നിര്‍ദ്ദേശമനുസരിച്ച് യൂണിറ്റിന് രണ്ട് രൂപയുടെ വരെ വര്‍ദ്ധനവുണ്ടാകും. അതായത് നിലവില്‍ യൂണിറ്റിന് 2.50 രൂപയുള്ളത് 4.48 രൂപയായി വര്‍ദ്ധിക്കും. കേരളത്തിലെ 50 ലക്ഷത്തിലേറെ ഗാര്‍ഹിക ഉപഭോക്താക്കളെയാണ് ഇത് ബാധിക്കുക. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച നിരക്ക് രേഖപ്പെടുത്തിയ ശേഷം അതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ്സിഡി തുക കുറവ് ചെയ്താണ് ഇപ്പോള്‍ ബില്ല് നല്‍കുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച മുഴുവന്‍ തുകയും ഉപയോക്താക്കള്‍ നല്‍കണം. പിന്നീട് പാചകവാതക സബ്സിഡി നല്‍കുന്ന മാതൃകയില്‍ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരും.

LEAVE A REPLY

Please enter your comment!
Please enter your name here