ആള്‍ക്കൂട്ട കൊലപാതകം:അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ ഒരാളെ തല്ലിക്കൊന്നു

0
214

അഞ്ചല്‍ (കൊല്ലം) (www.mediavisionnews.in): കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ നാട്ടുകാര്‍ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. ആള്‍കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ മണി അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദന സംഘത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലര്‍ വഴിയില്‍ തടഞ്ഞു നി‍ർത്തുകയായിരുന്നു. തുടര്‍ന്ന് മണി കോഴിയെ മോഷ്ടിച്ച് വരികയാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴിയെ നല്കിയ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മണി ദേഹമാസകലം ചോരയില്‍ കുളിച്ച് റോഡില്‍ വീണ് കിടക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ചേ‍ർന്ന് മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മണിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ് ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ ഛ‍ർദ്ദിയെ തുടർന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here