കാസര്‍ഗോഡ് അയിത്തം കാരണം ആംബുലന്‍സ് കയറ്റാന്‍ സമ്മതിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ഇരയായ 66കാരിയുടെ മൃതദേഹം ബന്ധുക്കള്‍ ചുമന്നുകൊണ്ടു പോയി

0
229

ബെള്ളൂര്‍ (www.mediavisionnews.in): സാക്ഷരതയില്‍ മുന്നോട്ട് പോയിട്ടും കേരളത്തില്‍ ജാതിമത ചിന്തകളും അയിത്താചരണവും നിലനില്‍ക്കുന്നതായി നിരന്തരം വാര്‍ത്തകളുണ്ട്.കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ പെസോളിഗയില്‍ ജന്മിയുടെ അയിത്താചരണം കാരണം ദളിതര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ടിവന്നുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നു കൊണ്ടു പോവുന്ന രംഗം എഴുത്തുകാരനും ആരോഗ്യ പ്രവര്‍ത്തകനുമായ നിസാം റാവുത്തര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് മൃതദേഹത്തോട് പോലും ക്രൂരത കാണിക്കുന്ന അയിത്താചരണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

എന്‍ഡോസള്‍ഫാന്‍ ഇരയായ സീതുവെന്ന അറുപത്തിയാറുകാരിയുടെ മൃതദേഹമാണ് ജന്മിയായ വ്യക്തി സമ്മതിക്കാത്തതിനാല്‍ ചുമന്നുകൊണ്ടു പോവേണ്ടിവന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പൊസോളിഗയില്‍ കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സ് അര കിലോമീറ്റര്‍ അകലെ നിറുത്തി ചുമന്ന് കയറ്റം താണ്ടി കൊണ്ടു വരുകയായിരുന്നു.

പൊസോളിഗയിലെ 78 കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശം ജന്മിയായ സ്വകാര്യ വ്യക്തിയുടെ വാഴ്ചയിലാണ്. അവിടെ റോഡ് നിര്‍മ്മിക്കാനോ ദളിതര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനോ രോഗികളെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഹോസ്പിറ്റലില്‍ എത്തിക്കാനോ ഇയാള്‍ അനുവധിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കാസര്‍ഗോഡ് നിയമസഭ മണ്ഡലത്തില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ 64.59 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ 8,10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പ്രദേശത്തെ 100 ഏക്കറോളം പല ആധാരങ്ങളിലായി ഇയാളുടെ കൈവശമാണ്.

ഇയാള്‍ക്കെതിരെ നടപടിയെടുക്കാനോ പാത പണിയാനോ പഞ്ചായത്തോ ജില്ല ഭരണകൂടമോ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്.ബി.ജെ.പിക്കാരിയായ എം. ലത പ്രസിഡന്റായ ഭരണസമിതിയില്‍ ബി.ആര്‍. വിശാലാക്ഷി, എന്‍.എ. മനോഹര, കെ. ജയകുമാര, മാലതി ജെ.റൈ, വി. രാധ, കെ. ഗീത, സുജാത എം(എല്ലാവരും ബി.ജെ.പി), ഉഷ, ബാബു ആനക്കളം (ഇരുവരും സി.പി.എം), സി.വി. പുരുഷോത്തമന്‍, സകീന ബാനു (ഇരുവരും സ്വതന്ത്രര്‍) എന്നിവരാണ് അംഗങ്ങള്‍.

മൂന്ന് മാസം മുമ്പ് പാമ്പുകടിയേറ്റ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചത് ഇതേ കോളനിയിലാണ്. വാഹന സൗകര്യമുണ്ടായിരുന്നെങ്കില്‍ 28 കാരനായ ആ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജന്മിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ജന്മി ഇവരെ കാണാന്‍ സമ്മതിച്ചില്ല. ഇയാളെ കാണാന്‍ സാധിക്കാത്തതിനാല്‍ റിപ്പോര്‍ട്ട് അയക്കാനുള്ള നിര്‍ദേശം പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലംമാറി പോവുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here