രണ്ടുവര്‍ഷത്തിനകം കേരളത്തില്‍ റോഡ് അപകട മരണ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്നത് 7.8 ശതമാനം വര്‍ധന; ശരാശരി അപകട മരണങ്ങള്‍ 2020ല്‍ 4453 ആകുമെന്ന് പഠനം

0
231

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 7.8 ശതമാനംവരെ വര്‍ധനവ് ഉണ്ടാവുമെന്ന പഠന റിപ്പോര്‍ട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വര്‍ധനവ് മരണനിരക്കില്‍ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകള്‍ റോഡുകളില്‍ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്.

മുംബൈയിലെ എന്‍എംഐഎംഎസ് യൂണിവേഴ്‌സിറ്റിയിലെ മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗിന്റെ നേതൃത്വത്തില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സഹകരണത്തോടെയാണ് പഠനം നടന്നത്.

കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള 2017 വരെയുള്ള ഡാറ്റകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പഠനം നടന്നത്. ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങളും മരണവും നടക്കുന്നത് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും ഇടയ്ക്കുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് സമയത്തെ റോഡുകളിലെ തിരക്കുതന്നെയാണ് ഇതിന് കാരണം. ഏറ്റവും കൂടുതല്‍ അപാകത്തില്‍ പെടുന്നത് ഇരുചക്ര വാഹനങ്ങള്‍ തന്നെയാണ്. തൊട്ടുപിന്നില്‍ കാറുകളും ജീപ്പുകളും.

എംടെക് ഡാറ്റ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ മീര ശങ്കര്‍, സമീറ ഫര്‍സൂല്‍ എന്നിവരാണ് പഠനം നടത്തിയത്. കേരളത്തില്‍ നിന്നുള്ള എന്നെപ്പോലുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ റോഡപകടങ്ങളും മരണങ്ങളും ഉയരുന്നത് വല്ലാത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് പഠനം നടത്തിയ മീരാ ശങ്കര്‍ പറയുന്നു. അതിനാലാണ് ഇവര്‍ ഈ വിഷയം തന്നെ പഠന വിധേയമാക്കിയതും.

മലപ്പുറം ജില്ലയാണ് കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയെങ്കിലും എറണാകുളത്താണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നത്. ജില്ലയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം കൂടുതലാണെന്നതും അതിനാല്‍ തന്നെ വാഹനങ്ങളുടെ എണ്ണവും കൂടുതാണ് എന്നതുമാണ് ഇതിനൊരു കാരണമായി കണ്ടെത്തുന്നത്. നിലവിലെ സൂചനകളും ഡാറ്റകളും വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2020 ആകുമ്ബോഴേക്കും കേരളത്തിലെ റോഡപകട മരണങ്ങളില്‍ 7.8 ശതമാനം വര്‍ധന ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്തുന്നത്.

രാജ്യത്ത് നിലവില്‍ റോഡ് സുരക്ഷ കര്‍ശനമാക്കാന്‍ നിയുക്തമായ ഒരു അഥോറിറ്റി ഇല്ലെന്നതും ന്യൂനതയാണെന്ന് ഗവേഷകരെ അഭിനന്ദിച്ചുകൊണ്ട് ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകം ചെയര്‍മാന്‍ കൂടിയായ ശശി തരൂര്‍ എംപി വ്യക്തമാക്കി. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ഇതിനായി ഒരു റഗുലേറ്ററി ബോഡി രൂപീകരിക്കു്‌നതിനും പാര്‍ലമെന്റില്‍ പ്രൈവറ്റ് ബില്‍ കൊണ്ടുവന്നെങ്കിലും വിജയിച്ചില്ലെന്ന് തരൂര്‍ പറഞ്ഞു.

ജോലി സമയം മാറ്റുന്നതിന് ഫ്‌ളെക്‌സി വര്‍ക്ക് അവര്‍ പോളിസി കൊണ്ടുവരുന്നതിനെ പറ്റിയുള്ള നിര്‍ദ്ദേശം കാലത്തും വൈകീട്ടും തിരക്ക് കുറയ്ക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, രാജ്യത്ത് ഓരോ നാലു മിനിറ്റിലും റോഡ് അപകടങ്ങളില്‍പ്പെട്ട് ഒരു ജീവന്‍ നഷ്ടമാകുന്നു എന്ന വസ്തുതയുമുണ്ട്. നിലവില്‍ രാജ്യത്ത് റോഡ് സുരക്ഷ നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ട അഥോറിറ്റി ഇല്ല എന്നത് ആശ്ചര്യജനകമാണ്.

ജോലി സമയത്തില്‍ മാറ്റം വരുത്തുന്നതിന് പുറമെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുക, ലെയ്ന്‍ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ശീലം പാലിക്കാന്‍ അവബോധമുണ്ടാക്കുക, ബസ്സുകളുടേയും മറ്റും മത്സരയോട്ടത്തിന് തടയിടുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണമെന്ന് പഠനത്തില്‍ പറയുന്നു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ ജോലി സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ മാത്രമേ പീക്ക് സമയത്തെ തിരക്ക് ഒഴിവാക്കാനാകൂ. കേന്ദ്രസര്‍ക്കാര്‍ ജോലിസമയത്തില്‍ മാറ്റംവരുത്തുന്ന നിലയില്‍ ഒരു നയം രൂപീകരിക്കണമെന്നും രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഭീമമായ എണ്ണം ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും ഒരു ബില്‍ഡിങ് പ്രൊഫഷണല്‍ എന്ന നിലയില്‍ ഇവര്‍ നിര്‍ദേശിക്കുന്നു.

റോഡുകളില്‍ വാഹനമോടിക്കുമ്ബോള്‍ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവില്ലെങ്കിലും ആളുകള്‍ അത് പലപ്പോഴും അവഗണിക്കുകയാണെന്ന് ഓള്‍ ഇന്ത്യ പ്രൊഷണല്‍സ് കോണ്‍ഗ്രസ്, കേരള പ്രസിഡന്റും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഡോ. മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഒരു ദുരന്തം സംഭവിച്ച ശേഷമായിരിക്കും അവബോധമുണ്ടാകുക. എന്നാല്‍ അപ്പോഴേക്കും വൈകിയിരിക്കും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുന്നതില്‍ നിന്നും സംസ്ഥാനം മാറിനില്‍ക്കരുത്. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു പാലിക്കാറില്ല. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കുന്നുവെന്ന് ട്രാഫിക് പൊലീസ് ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ബാഗ്ലൂര്‍.

ഉത്തരവാദിത്തമുള്ള പൗരര്‍ എന്ന നിലയില്‍ ഗതാഗത നിയമലംഘനങ്ങളില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നുത് സമൂഹത്തിന്റെ നന്മയ്ക്കാണെന്ന് നാം മനസിലാക്കണം. നിയമം അനുസരിക്കേണ്ടത് ഓരോരുത്തരുടെയും ധാര്‍മ്മികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ വാഹന നീക്കം ഉറപ്പാക്കുകയും കൂടുതല്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിന് ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ദേശീയ പാത വികസന പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പൗരന്മാരും സമവായത്തിലെത്തണമെന്നും പഠനം ആവശ്യപ്പെടുന്നു.

വിലപ്പെട്ട സുവര്‍ണ്ണ വിവരങ്ങളാണിതെന്ന് പ്രൊജക്‌ട് ഗൈഡ് പ്രൊഫ. ശാരദ സമന്തറായ് അഭിപ്രായപ്പെട്ടു. വിവരങ്ങള്‍ അനുസരിച്ച്‌ റോഡില്‍ വാഹനമോടിക്കുന്ന ഓരോ ഡ്രൈവറും ഓരോ സമയത്തും അപകടത്തില്‍പ്പെടാനുള്ള സാധ്യത പ്രവചിക്കാനാകും. സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗം രാജ്യത്ത് മാരകമായ അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് താന്‍ മനസിലാക്കുന്നു. അപകടസാധ്യതയുള്ള മേഖലകളിലും സമയങ്ങളിലും ആംബുലന്‍സുകള്‍ തയാറാക്കി നിര്‍ത്തുന്നതിന് ആശുപത്രികളെപ്പോലും സഹായിക്കുന്നതാണ് വിവരങ്ങളുടെ അപഗ്രഥനമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here