മുഖം മിനുക്കി ഇമ്മിണി ബല്യ വാഗണ്‍ ആര്‍; വാഹനപ്രേമികളില്‍ പ്രതീക്ഷയുണര്‍ത്തി ചിത്രങ്ങള്‍ പുറത്ത്

0
263

ദില്ലി (www.mediavisionnews.in): ഇന്ത്യന്‍ നിരത്തുകളില്‍ മാരുതി വാഗണ്‍ ആറിന് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. അടക്കവും ഒതുക്കുവും വാഗണ്‍ ആറിനെ വാഹന പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു.

ഈ സ്വീകാര്യത മുതലാക്കാനുള്ള നീക്കമെന്നോണം പുത്തന്‍ വാഗണ്‍ ആര്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. കാത്തിരിപ്പ് നീളുന്നെങ്കിലും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ആരാധകരെ നിരാശരാക്കാതെ പുതിയ മോഡല്‍ വാഗണ്‍ ആറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

പുത്തന്‍ മാറ്റത്തോടെ അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ വാഗണ്‍ ആറുകളെയാണ് വിപണിയില്‍ കമ്പനി അവതരിപ്പിക്കാനിരിക്കുന്നത്. ഇതില്‍ ടോള്‍ ബോയ് ഡിസൈനുള്ള നീളം കൂടിയ ഏഴു സീറ്റ് വാഗണ്‍ ആറിനായാണ് വാഹനപ്രേമികള്‍ക്ക് തിടുക്കം. പരീക്ഷണയോട്ടം നടത്തുന്ന ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിലവിലുള്ള വാഗണ്‍ ആറിനെക്കാള്‍ കൂടുതല്‍ ഉയരം ഈ മോഡലിനുണ്ട്.

തെന്നിമാറുന്ന ഡോറുകള്‍ മോഡലിന്റെ പ്രത്യേകതയാണ്. നിലവിലെ തലമുറയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ബോഡി പാനലുകളാണ് മോഡലില്‍ ഉള്‍ക്കൊള്ളുന്നത്. ഹാച്ച്ബാക്കിന്റെ അകത്തളത്തിലും വലിയ മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പെട്രോള്‍ എഞ്ചിനില്‍ മാത്രമെ വാഗണ്‍ആര്‍ ഏഴു സീറ്റര്‍ വില്‍പനയ്ക്കെത്തുകയുള്ളു.

രണ്ടു വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് വാഗണ്‍ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിച്ചത്.ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വാഗണ്‍ആറിന്റെ ചെറു എംപിവി പതിപ്പായി സോലിയോ വില്‍പനയിലുണ്ട്. എര്‍ട്ടിഗയ്ക്ക് താഴെയായിരിക്കും സോലിയോയുടെ സ്ഥാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here