ഭീഷണിയായി വീണ്ടും പനിക്കാലം

0
281

നിപ വൈറസ് ബാധയുടെ ഭീതി ഒഴിയുംമുമ്ബ് സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീഷണിയില്‍. ഡെങ്കി, മലേറിയ, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് ഭീഷണിയായിരിക്കുന്നത്.

ദിവസം ശരാശരി മുപ്പതിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കാസര്‍കോട് ജില്ലയാണ് ഡെങ്കിഭീഷണിയില്‍ മുന്നില്‍. ജൂണില്‍മാത്രം അറുപതിലധികം പേര്‍ ചികിത്സതേടി. മിക്ക ജില്ലകളിലും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മലേറിയയും തലപൊക്കിയിട്ടുണ്ട്. മേയില്‍മാത്രം 436 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടി.

ഈവര്‍ഷം മേയ് 31 വരെ (ബ്രാക്കറ്റില്‍ കഴിഞ്ഞവര്‍ഷത്തെ കണക്ക്)

പനി ബാധിച്ചവര്‍ – മരണം

ഡെങ്കി 846 (21,993) 3 (165)

എലിപ്പനി 225 (1408) 11 (80)

പകര്‍ച്ചപ്പനി 9.67 ലക്ഷം (35.27 ലക്ഷം) 23 (76) .

എച്ച്‌ 1 എന്‍ 1 11 (ലഭ്യമല്ല) 0 (ലഭ്യമല്ല)

മലേറിയ 251 (1177) 0 (2)

നിപയ്ക്ക് പിന്നാലെ കരിമ്ബനിയും

കുളത്തൂപ്പുഴ വില്ലുമര സ്വദേശിക്ക് കരിമ്ബനി(കാലാ അസര്‍) സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചികിത്സയും മരുന്നുമുള്ളതിനാല്‍ കരിമ്ബനിഭീതി വേണ്ടെന്ന് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു പറഞ്ഞു. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നേരത്തേയും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വീടുകളില്‍ കരിമ്ബനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാന്‍ പ്രത്യേക ലായനി തളിക്കും. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കരിമ്ബനിബാധിതപ്രദേശത്ത് മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

കരിമ്ബനി

* രോഗം പരത്തുന്നത്: മലയോരപ്രദേശങ്ങളില്‍ കാണുന്ന മണലീച്ചകള്‍ (സാന്‍ഡ് ഫ്‌ളൈ). ലീക്ഷ്‌മാനിയ ഡോണാവാണി എന്ന അണുവാണ് രോഗഹേതു.

* പകരുന്നത്: മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. കൊതുകിനെക്കാള്‍ വലുപ്പംകുറഞ്ഞ പെണ്‍ മണലീച്ചകള്‍ കടിക്കുന്നതിലൂടെ പകരുന്നു. രോഗമുള്ള ആളെ കടിക്കുന്നതിലൂടെ മണലീച്ചകള്‍ അണുവാഹകരാകുന്നു.

* ബാധിക്കുന്നത്: മജ്ജ, പ്ലീഹ, കരള്‍ എന്നിവയിലെ കോശങ്ങളെ. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണസാധ്യത.

* രോഗലക്ഷണങ്ങള്‍: ഇടയ്ക്കിടെയുള്ള പനി. രോഗം മൂര്‍ച്ഛിക്കുന്നതോടെ വയര്‍, മുഖം, കൈകാലുകള്‍ എന്നിവിടങ്ങളിലെ തൊലിപ്പുറത്ത് കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടും. കരിമ്ബനി എന്ന പേരുവരാന്‍ ഇതാണ്‌ കാരണം. ഈച്ചകടിച്ച ഭാഗത്ത് വ്രണം ഉണ്ടാകാന്‍ സാധ്യത. ഭാരം കുറയും. ക്ഷീണമുണ്ടാകും. പ്ലീഹ, കരള്‍ എന്നിവയ്ക്ക് വീക്കം. രോഗപ്രതിരോധശേഷി തകരും. രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പത്തുദിവസം വരെയെടുക്കും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍. ചിലപ്പോള്‍ ഒരുവര്‍ഷംവരെ.

മുന്നൊരുക്കങ്ങളില്‍ വീഴ്ചയില്ല

ആരോഗ്യജാഗ്രതാ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങളും മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളും നിശ്ചയിച്ച പ്രകാരം നടത്തുന്നുണ്ട്. 100 ശതമാനം നടന്നുവെന്ന് പറയുന്നില്ല. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മഴക്കാല രോഗങ്ങളും വിവിധയിനം പനികളും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പ് നടത്തിയിട്ടുണ്ട്.

-ഡോ. ആര്‍.എല്‍. സരിത,

ആരോഗ്യവകുപ്പ് ഡയറക്ടര്‍

കൂടുതല്‍ പ്രതിരോധം ആവശ്യം

രോഗികളുടെ എണ്ണം കുറഞ്ഞാലും ഏതുതരം ഡെങ്കിയാണ് വരുന്നതെന്നത് പ്രധാനമാണ്. സങ്കീര്‍ണത ഏറെയുള്ള ഡെങ്കിപ്പനിയാണ് ഇനി പ്രതീക്ഷിക്കുന്നത്. അതിനാല്‍ത്തന്നെ കൂടുതല്‍ പ്രതിരോധം ആവശ്യമാണ്. മഴയും വെയിലും മാറിമാറി വരുന്ന കാലാവസ്ഥയില്‍ പ്രത്യേകശ്രദ്ധ വേണം. കൊതുക് പെരുകാന്‍ അനുകൂല സാഹചര്യമാണത്.

-ഡോ. പി.എസ്. ഇന്ദു,

മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here