പൊലീസ് അകമ്പടി വാര്‍ത്തകള്‍ തള്ളി കാന്തപുരം; ‘ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസ് സുരക്ഷ ആവശ്യമില്ല;മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’

0
236

മലപ്പുറം (www.mediavisionnews.in): മാധ്യമങ്ങളില്‍ വന്ന പൊലീസ് സുരക്ഷ വാര്‍ത്തകള്‍ തള്ളി കാന്തപുരം എപി അബുബുക്കര്‍ മുസ്ലിയാര്‍. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്ല. പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി തന്റെ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സാമുദായിക നേതാക്കളുടെ ആള്‍ദൈവങ്ങളുടെയും വീട്ടിലും പൊലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമൃതാനന്ദമയിയുടെ വീട്ടില്‍ ആറ് പൊലീസുകാരുണ്ടെന്നും കാന്തപുരത്തിന്റെ വീട്ടില്‍ നാല് പൊലീസുകാരുണ്ടെന്നുമായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം തള്ളിയാണ് അബുബുക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആരുടേയും സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ ഇക്കാലമത്രയും സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ സാധിച്ചിട്ടുണ്ട്. പൊലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണമെന്നും കാന്തപുരം ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

സര്‍ക്കാര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ക്ക് പൊലീസ് സുരക്ഷ ഉണ്ടായിട്ടില്ലെന്ന് മര്‍ക്കസും വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ നിലപാടെടുത്ത കാലത്ത് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ക്ക് സുരക്ഷ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പൊലീസ് സുരക്ഷ ആവശ്യമില്ലെന്ന് അന്നുതന്നെ അറിയിച്ചിരുന്നതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കാന്തപുരം എപി അബുബുക്കര്‍ മുസ്ലിയാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ സുരക്ഷക്കായി സംസ്ഥാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു.
അങ്ങനെ ആരുടേയും സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ ഇക്കാലമത്രയും സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ സാധിച്ചിട്ടുണ്ട്. പോലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനില്‍ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here