പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ല; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

0
218

തിരുവനന്തപുരം(www.mediavisionnews.in): പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പൊലീസ് ദാസ്യപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ഉന്നയിച്ചു. 2011ലെ പൊലീസ് ആക്ടിന് വിരുദ്ധമാണ് നടപടികള്‍. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ക്യാമ്പ് ഫോളോവേഴ്സ് വയറ്റാട്ടിയായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുരളീധരന്‍ നിയമസഭയില്‍ ആരോപിച്ചു. ഗവാസ്കര്‍ക്ക് മര്‍ദനമേറ്റതില്‍ അന്വേഷണം പ്രഹസനമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശം ലംഘിക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.  ബ്രിട്ടീഷ് ഭരണകാലത്തെ ജീര്‍ണത തുടരുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി  കെ.എസ്. ശബരീനാഥന്റെ സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു.  പൊലീസിലെ ദാസ്യപ്പണിയെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം  ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്.

തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ 14 പേരുടെ നിയമനം ഒരു ഉത്തരവ് പോലുമില്ലാതെയാണ്. വാക്കാല്‍ നിര്‍ദേശപ്രകാരവും നിയമനം നടന്നിട്ടുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദാസ്യപ്പണി ചെയ്യുന്നത് 18 പേരാണ്. മുന്‍ ഐജി ലക്ഷ്മണയ്‌ക്കൊപ്പം നാല് പേരാണ് ജോലി ചെയ്യുന്നത്. പൊലീസിന് പുറത്ത് ജോലി ചെയ്യുന്ന ഐപിഎസുകാര്‍ക്കൊപ്പം 16 പേര്‍ ദാസ്യപ്പണിയെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here