നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ; നഗര പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കില്ല

0
319

തിരുവനന്തപുരം (www.mediavisionnews.in):നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യില്ല. നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരുന്നു. റവന്യൂ കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് ഇന്ന ഉന്നതതലയോഗം ചേര്‍ന്നത്. ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടെയാണ് യോഗം വിളിച്ചത്.

വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍, നീര്‍ത്തട നിയമം കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉദ്ദേശിച്ചായിരുന്നു ഭേദഗതി കൊണ്ടുവന്നത്. 2008 ന് മുന്‍പുള്ള നെല്‍വയല്‍ നികത്തലുകള്‍ക്ക് പിഴ ഈടാക്കിക്കൊണ്ട് സാധൂകരണം നല്‍കാമെന്നും ഭേദഗതിയുണ്ടായിരുന്നു. ഈ ഭേദഗതികളടങ്ങുന്ന ബില്ലാണ് ഇപ്പോള്‍ നിയമസഭ പരിഗണിക്കുന്നത്. നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ഇത് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിരമായി യോഗം വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here