കുമ്പളയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം: പൊലീസ് നോക്കുകുത്തിയാകുന്നു, പോലീസിനിടയിലും സംസാരവിഷയം

0
187

കുമ്പള (www.mediavisionnews.in):കുമ്പളയിലും പരിസര പ്രദേശങ്ങളിലുമായി രണ്ടുപേരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടാഴ്ചക്കിടെ ഗുണ്ടാസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. മുംബൈയിലെ വ്യാപാരിയായ ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയെ രണ്ടാഴ്ച മുമ്പ് കാറില്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് ശേഷം പൊസഡിഗുംപെയില്‍ ഉപേക്ഷിച്ചിരുന്നു.

മണിക്കൂറുകളോളം തടഞ്ഞു വെച്ച സംഘം മോചനത്തിനായി ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കേസില്‍ നാലുപ്രതികളെ പിടിച്ചെങ്കിലും രണ്ടുപേരെ ഇതുവരെ പൊലീസിന് പിടിച്ച്‌ നിയമത്തിനു മുമ്പിൽ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ സംഭവം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ദുബായില്‍ നിന്ന് കൊടുത്തയച്ച 30 പവന്‍ സ്വര്‍ണം മറ്റാര്‍ക്കോ മറിച്ചുവിറ്റ കേസിലെ പ്രതിയെ ഓമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. രാഷ്ട്രിയക്കാരുടെ സ്വാധീനം മൂലം അറസ്റ്റ് ചെയ്‌ത രണ്ടുപേരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുകയാണ് ചെയ്‌തത്‌.

ഇത് പൊലീസുക്കാര്‍ക്കിടയില്‍ തന്നെ സംസാര വിഷയമായിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ പ്രതികളെ സംരക്ഷിക്കുമ്പോൾ ഇനി ആരില്‍ അഭയം തേടും എന്ന പേടിയിലാണ് ജനങ്ങള്‍. രാപകല്‍ ഭേദമന്യേ പൊലീസിന്റെ കണ്‍മുന്നില്‍ തന്നെയാണ് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാസംഘം വിലസുന്നത്. അക്രമസംഭവങ്ങള്‍ വ്യാപകമായതുകാരണം നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here