കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി;ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍

0
210

കൊച്ചി (www.mediavisionnews.in): റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചിത്രം. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക.

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 30 കോടിയിലേറേ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി.

പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here