അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ്; അവകാശവാദവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

0
206

കാസര്‍കോട് (www.mediavisionnews.in): നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്‍റെ  ഉത്തരവ് വന്നയുടൻ കാസർകോട് ജനപ്രതിനിധികൾ തമ്മിൽ അവകാശത്തര്‍ക്കം.

വി. മുരളീധരൻ എം.പി.യാണ്‌ അന്ത്യോദയയ്ക്ക് കാസർകോട് സ്റ്റോപ്പ്‌ അനുവദിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതെന്ന അവകാശവാദവുമായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്താണ് ആദ്യ വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ തനിക്കാണ് ആദ്യം ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചതെന്നും താൻ നിരന്തരം നടത്തിയ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ്‌ അനുവദിക്കാൻ റെയിൽവേ തയ്യാറായതെന്നും കാണിച്ച് പി.കരുണാകരൻ എം.പി.ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടാണ്‌ രംഗത്തെത്തിയത്.

അന്ത്യോദയ്ക്ക് സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിന്‍റെ ഭാഗമായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അപായ ചങ്ങല വലിച്ച് ട്രയിന്‍ നിർത്തിച്ചത് ജനശ്രദ്ധ നേടിയിരുന്നു. അന്ത്യോദയ എക്സ്പ്രസിന് കാസർഗോഡ് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട്  പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് പദ്മരാജൻ ഐങ്ങോത്തും സാജിദ് മവ്വലും റിലേ സത്യാഗ്രഹവും നടത്തിയിരുന്നു.

കൂടാതെ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് എം പി കരുണാകരനും അറിയിച്ചിരുന്നു. സ്റ്റോപ്പ് അനുവദിച്ച വാര്‍ത്ത വന്നതോടെ പ്രതിഷേധിച്ച എല്ലാവരും സ്റ്റോപ്പ് അനുവദിച്ചത് തങ്ങളുടെ പ്രവര്‍ത്തന ഫലമായാണെന്ന വാദവുമായി രംഗത്തെത്തിയത്.

ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് നടത്തിയ വാർത്താ സമ്മേളനത്തിന്‍റെ ചുരുക്കം:

അന്ത്യോദയ എക്‌സ്പ്രസ് ഓടി തുടങ്ങിയപ്പോഴാണ് കാസര്‍കോട്ട് സ്‌റ്റോപ്പ് ഇല്ലെന്ന കാര്യം  സ്ഥലം എം.പി. പി.കരുണാകരന്‍ അറിഞ്ഞത്. മുന്‍കൂട്ടി സ്‌റ്റോപ്പ് അനുവദിക്കാന്‍ സ്വാധീനം ചെലുത്തിയില്ല. മാത്രമല്ല റെയില്‍വേയിലെ ഇടതുപക്ഷ ഉദ്യോഗസ്ഥരും എം.പിയും ഇടപെട്ട് കാസര്‍കോട്ട് ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കാതിരിക്കാന്‍ ഗൂഡാലോചന വരെ നടത്തി. കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കാനായി സ്‌റ്റോപ്പ് അനുവദിക്കാതിരിക്കാനും പി.കരുണാകരന്‍ ശ്രമിച്ചു. എന്നാല്‍ താൻ വി.മുരളീധരൻ എം.പി. വഴി റെയിൽവേ മന്ത്രിയുമായി നടത്തിയ നീക്കമാണ് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നിലെന്ന് ശ്രീകാന്ത് അവകാശപ്പെട്ടു.

പി.കരുണാകരൻ എം.പി.യുടെ പ്രതികരണം: 

സന്തോഷ വാർത്ത… അന്ത്യോദയ എക്സ്പ്രസ്സിന് കാസർഗോഡും ആലപ്പുഴയിലും സ്റ്റോപ് അനുവദിച്ചതായി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ സ്പെഷ്യൽ മെസെ‍ജ്ജെര്‍ വഴി അറിയിച്ചു. സ്റ്റോപ്പ്‌ അനുവദിച്ചില്ലെങ്കിൽ  ജുലായ് 1 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഞാൻ നേരത്തെ ബഡപ്പെട്ടവരെ അറിയിച്ചിരുന്നു.

മുസ്ലിം ലീഗിന്‍റെ പ്രതികരണം: 

അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പ് അനുവദിച്ച തീരുമാനം അറിഞ്ഞയുടൻ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയെ ആനയിച്ച് പാർട്ടി പ്രവർത്തകർ കാസർക്കോട് റയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രകടനം നടത്തി. മധുര പലഹാരം വിതരണം ചെയ്തു. എംഎല്‍എ തന്നെയാണ് യാത്രക്കാർക്ക് ലഡു വിതരണം ചെയ്തത്. വൈകീയോടുന്ന മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും മംഗളൂരു-കണ്ണൂർ പാസഞ്ചറിനും കാത്തുനിന്ന യാത്രക്കാർ സാക്ഷികളായി.

LEAVE A REPLY

Please enter your comment!
Please enter your name here