റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തിനു പിന്നാലെ സൗദി അറേബ്യൻ ലീഗും സൗദി ക്ലബ് അൽ-നസ്‌റും ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബുമായി താരം കരാറിൽ ഒപ്പുവച്ചത്. അൽ-നസ്ർ ജഴ്‌സിയിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അതിനിടെ, ക്രിസ്റ്റ്യാനോ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ക്ലബ് ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ സെർജിയോ ബുസ്‌കറ്റ്‌സിനെയും സെർജിയോ റാമോസിനെയും ടീമിലെത്തിക്കാൻ അൽ-നസ്ർ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇവർക്കൊപ്പം അർജന്റീന യുവതാരം മൗറോ ഇക്കാർഡിയെയും ക്ലബ് നോട്ടമിടുന്നുണ്ട്.
34കാരനായ ബാഴ്‌സലോണ സൂപ്പർ താരം സെർജിയോ ബുസ്‌കറ്റ്‌സിനെ മോഹിപ്പക്കുന്ന ഓഫറുമായി ക്ലബ് സമീപിച്ചിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമമായ ‘മുൻഡോ ഡിപോർട്ടിവോ’യെ ഉദ്ധരിച്ച് ‘മെട്രോ ഡോട്ട് കോ ഡോട്ട് യു.കെ’ റിപ്പോർട്ട് ചെയ്തു. ബാഴ്‌സലോണയുമായുള്ള കരാറിന്റെ അവസാന ആറു മാസത്തിലേക്ക് കടന്നിരിക്കുകയാണ് ബുസ്‌കറ്റ്‌സ്. ഈ പശ്ചാത്തലത്തിലാണ് മുൻ ബാഴ്‌സ സ്റ്റാഫ് കൂടിയായ അൽ-നസ്ർ സ്‌പോർട്ടിങ് ഡയരക്ടർ ഗോറൻ വുസെവിച്ച് താരത്തെ സമീപിച്ചത്. ഡേവിഡ് ബെക്കാമിൻരെ ഇന്റർ മിയാമിയും താരത്തെ നോട്ടമിടുന്നുണ്ട്.
അൽ-നസ്‌റിന്റെ പദ്ധതിയിലുള്ള മറ്റൊരു താരം സെർജിയോ റാമോസ് ആണ്. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്നു റാമോസ്. അടുത്ത സീസണിൽ താരത്തെ ക്ലബിലെത്തിക്കാനാണ് അൽ-നസ്ർ നീക്കം നടത്തുന്നതെന്ന് സ്പാനിഷ് മാധ്യമമായ ‘മാഴ്‌സ’ റിപ്പോർട്ട് ചെയ്തു.
അർജന്റീനയുടെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളായ മൗറോ ഇക്കാർഡിയെയും അൽ-നസ്ർ നോട്ടമിടുന്നുണ്ട്. നിലവിൽ പി.എസ്.ജിയിൽനിന്ന് ലോണിൽ സൂപ്പർ ലീഗ് ക്ലബായ ഗലാറ്റസറായിലാണ് ഇക്കാർഡി കളിക്കുന്നത്. തുർക്കി ഫുട്‌ബോൾ ലീഗാണ് സൂപ്പർ ലീഗ്. താരവുമായി ക്ലബ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്നത്.
ഇത്തവണ ലോകകപ്പിൽ കാമറൂണിനു വേണ്ടി തിളങ്ങിയ വിൻസെന്റ് അബൂബക്കറിന്റെ പേരിലാണ് അൽ-നസ്ർ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നത്. 2021ലാണ് താരം ക്ലബിലെത്തുന്നത്. 2019ൽ ആഴ്‌സനൽ വിട്ട കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയാണ് അൽ-നസ്‌റിന്റെ വലകാക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ നാപ്പോളിയിൽനിന്നാണ് താരം സൗദി ക്ലബിലെത്തുന്നത്. ബ്രസീൽ താരങ്ങളായ താലിസ്‌ക, ലൂയിസ് ഗുസ്താവോ എന്നിവരും അൽ-നസ്‌റിനു വേണ്ടി കളിക്കുന്നുണ്ട്.