തിരുവനന്തപുരം: കേരളത്തില് കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയില്നിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കേസാണ് കേരളത്തില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്ജാണ് വിവരം വാര്ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗിയുമായി സമ്പര്ക്കം പുലര്ത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛന്, അമ്മ, ടാക്സി ഡ്രൈവര്, ഓട്ടോ ഡ്രൈവര്, വിമാനത്തില് അടുത്ത് സമ്പര്ക്കം പുലര്ത്തിയ 11 പേര് എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലെത്തിയ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെനിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിൽനിന്നാണ് കുരങ്ങുവസൂരിയാണെന്ന് സംശയിച്ച് സാംപിളെടുത്ത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.കുരങ്ങുവസൂരി ഭീതിക്കിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർക്ക് കത്തെഴുതിയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനും രോഗലക്ഷണങ്ങൾ ഉള്ളവരിൽ കർശന പരിശോധന നടത്താനും കേന്ദ്രം നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചാൽ രോഗിയെ ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റണമെന്നും ഇതിനായി ആശുപത്രികൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.