കൊച്ചി : മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പരിഗണിക്കും. രഹസ്യമൊഴി നൽകിയതിനുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.
കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി എറണാകുളം സെഷൻസ് കോടതിയും ഇന്ന് പരിഗണിച്ചേക്കും. കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ കേന്ദ്ര സർക്കാരിനെയും കേസിൽ കക്ഷിയാക്കണമെന്ന് സ്വപ്ന ആവശ്യപ്പെടും.
എച്ച്ആർഡിഎസിലെ ജോലി നഷ്ടപ്പെട്ടത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും പറഞ്ഞ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ രംഗത്തെത്തിയിരുന്നു.