തിരുവനന്തപുരം : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ് എഫ് ഐ ഗുണ്ടായിസമായി കാണാനാവില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ലെന്നും ഷാജി ഫേസ് ബുക്കിൽ കുറിച്ചു. അക്രമം ബിജെപി നേതൃത്വത്തിന് കേരളത്തിലെ സിപിഎം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്. ജനപ്രതിനിധികൾക്കും ഓഫിസിനും സംരക്ഷണം നൽകാൻ കേരള പോലീസിന് കഴിയുന്നില്ലെങ്കിൽ അത് യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ല. പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിൻ്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ല. ഈ അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്. ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിക്കെതിരായി ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങൾക്ക് സി.പി.എം ചൂട്ട് പിടിക്കുന്നതിൻ്റെ ആദ്യപടിയായി ഇതിനെ കാണണം. കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിൻ്റെ വസതിക്ക് മുമ്പിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാർട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികൾ നോക്കി നിൽക്കില്ല. ജനപ്രതിനിധികൾക്കും ഓഫിസിനും സംരക്ഷണം നൽകാൻ കേരള പോലീസിന് കഴിയുന്നില്ലെങ്കിൽ അത് യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടി വരും.