ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി കരസേനാ മേധാവി മനോജ് പാണ്ഡെ. നിയമന നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതി മുഖേന തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറിലായിരിക്കും പരിശീലനം തുടങ്ങുക. 2023 പകുതിയോടെ ഇവര്‍ സേനയുടെ ഭാഗമാകുമെന്നും മനോജ് പാണ്ഡെ പറഞ്ഞു.
പദ്ധതി പ്രഖ്യാപിച്ചതിന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. രാഹുല്‍ ഗാന്ധി, കപില്‍ സിബല്‍, സീതാറാം യെച്ചൂരി, മേജര്‍ രവി, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പദ്ധതിക്കെതിരെ പ്രതിഷേധമറിയിച്ചിരുന്നു.
അഗ്‌നിപഥ് ബി.ജെ.പിയുടെ തന്ത്രങ്ങളുടെ കൂട്ടത്തിലെ പുതിയ തന്ത്രമാണെന്നാണ് കപില്‍ സിബല്‍ കുറിച്ചത്. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.
സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നതാണ് അഗ്നിപഥ് പദ്ധതിയെന്ന് യെച്ചൂരി വിമര്‍ശിച്ചു. രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
അഗ്നിപഥ് യുവാക്കള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു, യുവാക്കള്‍ എതിര്‍ത്തു. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു, കര്‍ഷകര്‍ എതിര്‍ത്തു. നോട്ട് നിരോധനം സാമ്പത്തിക വിദഗ്ദര്‍ എതിര്‍ത്തു, ജി.എസ്.ടി കച്ചവടക്കാര്‍ എതിര്‍ത്തുവെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.