ജുമുഅയ്ക്കു ശേഷം വിദ്വേഷ പ്രസംഗം നടത്തിയാൽ നടപടി; കണ്ണൂരിൽ പള്ളികൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്

0
370

കണ്ണൂർ: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ പൊലീസ് നിർദേശം. കണ്ണൂർ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ പള്ളികളിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കാണു കഴിഞ്ഞ ദിവസം ഇൻസ്പെക്ടറുടെ സീൽ പതിച്ച നോട്ടീസ് ലഭിച്ചത്. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിലുള്ളത്. ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാൽ അത്തരം വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

നോട്ടീസ് വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോട്ടീസ് നൽകിയതെന്ന് മയ്യിൽ പൊലിസ് ഇൻസ്പെക്ടർ ബിജു പ്രകാശ് പ്രതികരിച്ചു. എന്നാൽ, ഏത് സാഹചര്യത്തിലാണ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here