ഹോളി ആഘോഷം: ജുമുഅ നമസ്‌കാര സമയം മാറ്റി പള്ളികള്‍; വീടുകള്‍ക്ക് അടുത്തു തന്നെ നമസ്‌കരിക്കാന്‍ നിര്‍ദേശിച്ച് പണ്ഡിതര്‍

0
371

ലക്‌നൗ:’ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ജുമുഅ നമസ്‌കാര (വെള്ളിയാഴ്ച പ്രാര്‍ത്ഥന) സമയം മാറ്റി പള്ളികള്‍. ലഖ്നൗവിലെ 22ലേറെ പള്ളികളാണ് ജുമുഅ നമസ്‌കാര സമയം മാറ്റിയത്. ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ(ഐ.സി.ഐ) പുറപ്പെടുവിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഐ.സി.ഐ തലവനും ഐഷ്ബാഗ് ഈദ്ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റഷീദ് ഫറങ്കിമഹല്ലിയാണ് ലഖ്നൗ നഗരത്തിലെ മുസ്ലിം പള്ളികള്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കിയത്.

ഹോളി ആഘോഷങ്ങളും ജുമുഅയും ഒരേസമയത്ത് വരുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനുമായി നമസ്‌കാരസമയം മാറ്റാനായിരുന്നു നിര്‍ദേശം.

സ്വന്തം വീടുകള്‍ക്കടുത്തു തന്നെയുള്ള പള്ളികളില്‍ നിന്ന് നമസ്‌കാരം നിര്‍വഹിക്കാനും മൗലാന ഖാലിദ് റഷീദ് ആവശ്യപ്പെട്ടു. ഇതോടൊപ്പം മുസ്ലിംകളുടെ വിശേഷദിനമായ ബറാഅത്ത് രാവ് കൂടിയായതിനാല്‍ ബന്ധുക്കളുടെ ഖബര്‍ സന്ദര്‍ശനം ഹോളി ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാക്കണമെന്നും പണ്ഡിതരുടെ ആഹ്വാനമുണ്ടായിരുന്നു.

ഇമാമുമാരുടെ ആഹ്വാനം സ്വീകരിച്ച് ലഖ്നൗവിലെ 22 പള്ളികളിലാണ് 12.30ന് നടക്കേണ്ട ജുമുഅ നമസ്‌കാരം 1.30ലേക്കും രണ്ടുമണിയിലേക്കുമെല്ലാം മാറ്റിയത്. നഗരത്തിലെ പ്രമുഖ പള്ളികളായ ഐഷ്ബാഗ് ഈദ്ഗാഹ്, അക്ബരി ഗേറ്റിലെ ഏക് മിനാര മസ്ജിദ്, മസ്ജിദ് ചൗക്കിലെ മസ്ജിദ് ഷാഹ്‌മിന ഷാ എന്നിവിടങ്ങളിലെല്ലാം നമസ്‌കാര സമയം മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here