ഉപ്പള സോങ്കാലില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കാറും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

0
336

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കാറും സ്വര്‍ണാഭരങ്ങളും പണവും വാച്ചുകളും കവര്‍ന്ന സംഘത്തിലെ രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ നാല് പ്രതികളെയും രണ്ട് കാറുകളും കണ്ടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ ഹൗസിലെ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് ഉപ്പള സോങ്കാലിലെ ജി.എം അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. ഇവര്‍ കുടുംബ സമേതം ദുബായിലാണ്. ജനുവരി 14ന് രാത്രി വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപ വില മതിക്കുന്ന രണ്ട് വാച്ചുകളും 20 പവന്‍ സര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ് കവര്‍ന്നത്. ആറംഗ സംഘം മറ്റൊരു കാറിലായിരുന്നു കവര്‍ച്ചക്കെത്തിയത്. കവര്‍ച്ച നടന്ന ദിവസം പ്രതികള്‍ കവര്‍ന്ന കാറും മറ്റൊരു അകമ്പടി കാറുമായി കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികളും രണ്ട് കാറുകളും മലപ്പുറത്തുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു പ്രതിയെ ഉപ്പളയില്‍ വെച്ചും മറ്റൊരു പ്രതിയെ കുമ്പളയില്‍ വെച്ചുമാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്.ഐ.രാജീവ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുധീര്‍, ഡി. വൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്, ഓസ്റ്റിന്‍ തമ്പി, ഗോകുല. എസ്.സുഭാഷ് ചന്ദ്രന്‍, ശ്രീരാജ്, ലക്ഷ്മി നാരായണന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here