പനാജി: ഗോവയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കി കോണ്‍ഗ്രസ്. എക്‌സിറ്റ്‌പോളുകള്‍ തൂക്ക്‌സഭ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ സ്വന്തം എം എല്‍ എമാര്‍ കൂറുമാറുന്നത് തടയുക എന്ന ലക്ഷ്യമിട്ട് മുഴുവന്‍ സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റി. ഇവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാര്‍ട്ടി ചുമതലപ്പെടുത്തി. ഇദ്ദേഹം ഇന്ന് തന്നെ പനാജിയിലെത്തും.
ഫലംവന്ന ഉടന്‍ സര്‍ക്കാര്‍ രൂപവത്ക്കരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ബി ജെ പിയും ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. ബി ജെ പി ദേശീയ നേതൃത്വമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ചെറുകക്ഷികളുമായി ബി ജെ പി ഇതിനകം ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് തങ്ങളുടെ എം എല്‍ എമാര്‍ കൂറുമാറല്‍ തടയുന്നതിന് കോണ്‍ഗ്രസ് നടപടി തുടങ്ങിയത്. നേരത്തെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും ക്ഷേത്രങ്ങളിലും പള്ളിയിലുമെല്ലാംകൊണ്ടുപോയി കൂറുമാറില്ലെന്ന് പാര്‍ട്ടി സത്യം ചെയ്യിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നും കഴിഞ്ഞ തവണയുണ്ടായത് പോലെ ഇനി സംഭവിക്കരുതെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിലെ ഏതാനും എം എല്‍ എമാരെ ചാക്കിട്ട് പിടിച്ചും സ്വതന്ത്രരെ ഒപ്പം നിര്‍ത്തിയും ബി ജെ പി ഭരണം പിടിക്കുകയായിരുന്നു. കേന്ദ്ര ഭരണം കൈമുതലായുള്ള ബി ജെ പി പണം ഇറക്കി ഇത്തവണയും അത്തരം നീക്കങ്ങള്‍ നടത്തിയേക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേരത്തെ ഒരുങ്ങുന്നത്.