മംഗളൂരു: കര്‍ണാടക നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായി മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ യു.ടി ഖാദറിനെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിയമിച്ചു. എഐസിസി ജനറല്‍ സെക്രടറി കെ സി വേണുഗോപാലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
2018 ല്‍ മംഗളൂരു നിയോജക മണ്ഡലത്തില്‍ നിന്ന് നാലാം തവണയും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദര്‍ മുമ്പ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സർക്കാരിൽ ആരോഗ്യ, ഭവന, സിവില്‍ സപ്ലൈസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിദ്ധരാമയ്യ തുടങ്ങിയവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്, ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത് തന്റെ ഏറ്റവും വലിയ പദവിയും ബഹുമതിയുമാണെന്ന് യു ടി ഖാദര്‍ ട്വീറ്റ് ചെയ്തു.
2018 ലെ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡയില്‍ നിന്ന് വിജയിച്ച ഏക കോണ്‍ഗ്രസ് എംഎല്‍എയാണ് ഖാദര്‍. ജനുവരി 26 ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗന്‍സില്‍ കോണ്‍ഗ്രസ് നേതാവായി ബി കെ ഹരിപ്രസാദിനെ ഹൈകമാന്‍ഡ് നിയമിച്ചിരുന്നു. ഇതോടെ ഈ പദവിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം പാര്‍ടിയുമായി ഇടഞ്ഞിരിക്കുകയാണ്. സി എം ഇബ്രാഹിം കോണ്‍ഗ്രസ് വിടുന്നുവെന്ന അഭ്യൂഹങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് പാര്‍ടിയുടെ മറ്റൊരു മുസ്ലിം മുഖമായ യു ടി ഖാദര്‍ സുപ്രധാന പദവിയിലേക്ക് എത്തിയിരിക്കുന്നത്.