‘നിങ്ങളെ പോലെ എനിക്കും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്’; നടി ആക്രമിക്കപ്പെട്ട കേസില്‍ ലാല്‍

0
258

നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍. സംഭവത്തില്‍ തനിക്ക് സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം തനിക്കുണ്ടെന്ന് ലാല്‍ പ്രതികരിച്ചു. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ലാല്‍ പറഞ്ഞത്: പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാലു വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല; കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളു എന്നതു തന്നെയാണ്. എന്നാല്‍ നാലുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്നു ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാടു പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യ വര്‍ഷങ്ങളും എന്റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടുമാണ്.

ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പോലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല.

എന്റെ ഈ കുറിപ്പ് കണ്ടതിനു ശേഷം ‘അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു’ എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട്, യഥാര്‍ത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടേ. ഇരയ്ക്ക് നീതി ലഭിക്കട്ടെ.. പ്രാര്‍ത്ഥനകളുമായി ലാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here