ഗാന്ധിജി ഒരു ഘട്ടത്തിലും മാപ്പപേക്ഷിച്ചിട്ടില്ല; സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാറെന്ന് മുഖ്യമന്ത്രി

0
233

തിരുവനന്തപുരം: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍.എസ്.എസ് വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധികാലം ജയിലില്‍ കിടന്ന എ.കെ.ജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍. ഇതൊരു കലുഷിതമായ കാലമാണെന്ന് തിരിച്ചറിയണം.

ശാസ്ത്ര ചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഒരു അക്കാദമിക് സമൂഹം എന്ന നിലയില്‍ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത പഠനത്തിന് ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തുന്നു. അവരിവിടെ വരുന്നത് കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവും ഉള്ള നാടായതിനാലാണ്. ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെ ആയിരുന്നു വി.ഡി. സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.

സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. മോചിപ്പിക്കപ്പെടുന്ന പക്ഷം സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുമെന്ന് ഗാന്ധി പറഞ്ഞിരുന്നതായും രാജ്നാഥ് സിംഗ് അവകാശപ്പെട്ടുകയായിരുന്നു.

രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ബ്രിട്ടീഷുകാരുമായി സഹകരണത്തിലായിരുന്നു ആര്‍.എസ്.എസ്. സവര്‍ക്കറുടെ മാപ്പപേക്ഷ വരുന്നത് 1911ലും 1913 ലുമാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിക്കുന്നത് 1915 ലാണ്,’ എന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി യെച്ചൂരി പറഞ്ഞത്.
ഇതിനൊപ്പം സവര്‍ക്കറുടെ മാപ്പപേക്ഷയുടെ ചിത്രവും യെച്ചൂരി പങ്കുവെച്ചിരുന്നു.

ആള്‍ട്ടര്‍നേറ്റീവ് ഫാക്ടുകള്‍ പറഞ്ഞ് സത്യം വളച്ചൊടിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്നും, ചരിത്രബോധമില്ലാത്ത ഒരു ജനതയ്ക്ക് വേണ്ടി സത്യമെന്ന് തോന്നുന്ന നരേറ്റീവുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതചെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here