ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനില്ല

0
178

കാസർകോട്: ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനെ പ്രവർത്തിപ്പിക്കാനകില്ലെന്ന് സർക്കാർ. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാലാണ് എന്നാണ് വിശദീകരണം. മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസിന് ഭൂമി കണ്ടെത്തി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ മലക്കംമറിയൽ. നിലവിൽ സംസ്ഥാനത്ത് ആർ.ടി.ഒ. ഓഫീസ് നിലവില്ലാത്ത ഏക താലൂക്കാണ് മഞ്ചേശ്വരം. ജോയിന്റ് ആർ.ടി. ഓഫീസിനായി കുമ്പളയിൽ പഞ്ചായത്തിന്റെ കൈവശമുള്ള 1.82 ഏക്കർ സൗജന്യമായി വിട്ടുനൽകാൻ ഭരണസമിതി തീരുമാനിച്ചിരുന്നു.

ഇത് നിർദേശമായി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലം ആർ.ടി.ഒ. അധികൃതർ സന്ദർശിച്ചിരുന്നു. സ്ഥലത്ത് ആർ.ടി. ഓഫീസ് വരുന്നത് സംബന്ധിച്ച് അനുകൂല റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ വഴി സർക്കാരിന് നൽകി. ഇതിനുള്ള മറുപടിയിലാണ് ഓഫീസ് ഉടൻ ആരംഭിക്കാൻ സാധിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വഴി സർക്കാർ അറിയിച്ചത്.

2021-22 വർഷത്തെ ബജറ്റിലാണ് മഞ്ചേശ്വരത്ത് മൂന്നുകോടി രൂപ ചെലവിൽ ജോയിന്റ് ആർ.ടി.ഒ. ഓഫീസ് പ്രഖ്യാപിച്ചത്. ഇതിനായി 60 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു.

ആവശ്യത്തിന് സ്ഥലമുള്ളതിനാൽ ഭാവിയിലേക്കുള്ള വികസനത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ കുമ്പളയിൽ ജോയിന്റ് ആർ.ടി. ഓഫീസ് തുടങ്ങാനാകും. മഞ്ചേശ്വരം താലൂക്കിൽ ആർ.ടി. ഓഫീസ് ഇല്ലാത്തതിനാൽ വാഹന രജിസ്‌ട്രേഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് കാസർകോട്ടേക്ക് എത്തേണ്ടതുണ്ട്. മീഞ്ചയിൽനിന്ന് കാസർകോട്ട് എത്തുന്നതിന് 50 കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. കുമ്പളയിൽ ആർ.ടി. ഒ. ഓഫീസ് സേവനം ലഭ്യമാകുന്നതോടെ എൻമകജെ, പുത്തിഗെ, മീഞ്ച പഞ്ചായത്തിലുള്ളവർക്കും എളുപ്പത്തിൽ എത്താനാകും.

മഞ്ചേശ്വരത്ത് സേവനങ്ങളിലാത്തതിനാൽ അതിർത്തിയിലുള്ളവർ താത്കാലിക മേൽവിലാസമുണ്ടാക്കി മംഗളൂരുവിൽ രജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. ഇത് കേരള സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here