ഭക്ഷ്യകിറ്റു വഴി 5000 രൂപയാണ് വിതരണം ചെയ്തത്; പണമൊഴുക്കാന്‍ കര്‍ണ്ണാടകയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇടപെട്ടു; സുന്ദരയുടെ വെളിപ്പെടുത്തലില്‍ എ. കെ. എം അഷ്റഫ് എം.എല്‍.എ

0
256

കാസര്‍ഗോഡ്:(mediavisionnews.in) ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥി കെ. സുന്ദരയ്ക്ക് ബി.ജെ.പി നേതാക്കാള്‍ പണം നല്‍കിയതില്‍ പ്രതികരിച്ച് മഞ്ചേശ്വരം എം.എല്‍.എ എ. കെ. എം അഷ്റഫ്.

കര്‍ണാടകയിലെ മന്ത്രിമാരുടേയും എം.പിമാരുടേയും എം.എല്‍.എമാരുടേയും പണമൊഴുക്കിന്റെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ മഞ്ചേശ്വരത്ത് നടന്നതെന്നാണ് അഷ്റഫ് പറഞ്ഞത്.

ഓരോ വീടുകളും കയറിയിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തവര്‍ ഭക്ഷ്യകിറ്റുകള്‍ വഴി പണം എത്തിച്ചെന്നും അഷ്‌റഫ് പറഞ്ഞു. ശക്തമായ അന്വേഷണം നടത്തിയാല്‍ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

‘ചില ബൂത്തുകളില്‍ അവസാനം നാല്, അഞ്ച് തീയതികളില്‍ വോട്ടര്‍മാര്‍ക്ക് ഭഷ്യകിറ്റും പണവും നല്‍കിയിരുന്നു. ഓരോ കിറ്റിനുള്ളിലും 5000 രൂപ വെച്ചായിരുന്നു വീടുകളിലെത്തിച്ചത്. പണമൊഴുക്കാന്‍ കര്‍ണ്ണാടകയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇടപെടുകയും ചെയ്തിരുന്നു. സുന്ദരയുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ നാടകീയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. സ്മൃതി ഇറാനി അടക്കമുള്ള മന്ത്രിമാര്‍ അവിടെയെത്തിയിരുന്നു,’ അഷ്റഫ് പറഞ്ഞു.

പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി നേതൃത്വം തനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്നായിരുന്നു കെ. സുരേന്ദ്രനെതിരെ മത്സരിച്ച കെ. സുന്ദരയുടെ വെളിപ്പെടുത്തല്‍. 15 ലക്ഷമാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും എന്നാല്‍ അതില്‍ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞിരുന്നു.

ബി.ജെ.പി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തുവെന്നും സുന്ദര പറഞ്ഞു. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നതായി സുന്ദര പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പിന്നീട് ഇദ്ദേഹം പത്രിക പിന്‍വലിക്കുകയായിരുന്നു.

പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബി.എസ്.പി നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താന്‍ പത്രിക മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്ദര പ്രഖ്യാപിക്കുകയായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുന്ദരയ്യ 467 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായാണ് കെ. സുന്ദര മത്സരിച്ചത്. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

അതിനിടെ കൊടകര കുഴല്‍പ്പണ കേസിലും കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണുയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തിയ അന്വേഷണ സംഘം രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അതേസമയം കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിപിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 10 മണിക്ക് പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു.

ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here