ഇരുപത് നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർത്ഥികളെ തീരുമാനിച്ചു

0
154

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപതോളം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി നിർണയം ഏറക്കുറെ പൂർത്തിയായി. മുന്നണിക്ക് കൂടുതൽ വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിലാണ് ആദ്യഘട്ട കൂടിയാലോചനകളും തീരുമാനങ്ങളും. ഈയിടെ ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്നാണ് സൂചനകൾ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീധരൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, തട്ടകം സ്വന്തം നാട്ടിലാകണമെന്നാണ് അദ്ദേഹത്തിനു താത്പര്യം.

പൊന്നാനി ആയിരുന്നു ഇ. ശ്രീധരന്റെ ഫസ്റ്റ് ചോയ്സ്. അല്ലെങ്കിൽ ബി.ജെ.പി ശക്തികേന്ദ്രമായ ഷൊർണൂർ നോക്കാം. എന്നാൽ പാർട്ടിക്ക് അദ്ദേഹത്തെ പാലക്കാട്ട് മത്സരിപ്പിക്കാനായിരുന്നു താത്പര്യം. നിർബന്ധം കാരണം ശ്രീധരൻ അർദ്ധസമ്മതം മൂളിയതായി കേട്ടെങ്കിലും, നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം അദ്ദേഹത്തെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണത്രെ. കൊച്ചി മെട്രോയുടെയും പാലാരിവട്ടം പാലത്തിന്റെയും പേരിൽ ശ്രീധരനുള്ള സൽപ്പേര് കൂടുതൽ പ്രയോജനപ്പെടുക എറണാകുളം മേഖലയിലായിരിക്കും എന്നാണ് വിലയിരുത്തൽ. ബി.ജെ.പിക്ക് തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തോളം വോട്ടുണ്ടെന്നിരിക്കെ, ശ്രീധരന്റെ ഇമേജ് കൂടിയാകുമ്പോൾ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടൽ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലധികം വോട്ടു നേടിയ, രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയാകട്ടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാകുന്നില്ല. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും മത്സരത്തിനില്ല. സമ്മർദ്ദം കൂടുകയാണെങ്കിൽ കോട്ടയം ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള കാഞ്ഞിരപ്പള്ളിയിലാവും അദ്ദേഹം കളത്തിലിറങ്ങുക. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. കഴിഞ്ഞ തവണ അദ്ദേഹം ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ബി.ജെ.പിയിൽ ചേർന്ന മുൻ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ നിന്നോ തൃശൂരിൽ നിന്നോ മത്സരിച്ചേക്കും. അതിനിടെ, ബി.ജെ.പിയിൽ ഇതുവരെ ഔപചാരികമായി ചേർന്നിട്ടില്ലാത്ത മുൻ ഡി.ജി.പി ടി.പി. സെൻകുമാർ വർക്കലയിൽ മത്സരിക്കാൻ സാദ്ധ്യതയേറി. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നൽകിയ ഈ സീറ്റ് ഇക്കുറി തിരികെ വാങ്ങാനാണ് സാദ്ധ്യത. ബി.ഡി.ജെ.എസ് വഴങ്ങിയില്ലെങ്കിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലോ ചാലക്കുടിയിലോ അദ്ദേഹത്തെ മത്സരിപ്പിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നു മത്സരിച്ച് മികച്ച പ്രകടനം നടത്തിയ മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണൻ ഇത്തവണ കരുനാഗപ്പള്ളിയിൽ നിന്നാവും മത്സരിക്കുക. നേമത്ത് ഇത്തവണ ഒ.രാജഗോപാലിനു പകരം കുമ്മനം രാജശേഖരൻ മത്സരിക്കും. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിൽ.

ബി.ജെ.പിയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു വേണ്ടി വിവിധ ജില്ലാ കമ്മിറ്റികൾ ആവശ്യമുയർത്തുന്നുണ്ട്. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, പുതുക്കാട്, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ നിന്നാണ് സുരേന്ദ്രനു വേണ്ടി ശബ്ദമുയരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ ആറ്റിങ്ങലും സി.കൃഷ്ണകുമാർ മലമ്പുഴയിലും എം.ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ മണലൂരിലും യുവമോർച്ച പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ കൊയിലാണ്ടിയിലും ജനവിധി തേടും. സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് വഴി ബി.ജെ.പിയിലെത്തിയ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കുന്നമംഗലത്താകും മത്സരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here