42 മണ്ഡലങ്ങൾ ‘എ പ്ലസ്’ പട്ടികയിൽ, 5 സീറ്റ് ഉറപ്പ്, 10 ലഭിച്ചാൽ തൂക്കുമന്ത്രി സഭ; ബിജെപി പ്രതീക്ഷിക്കുന്നത് അട്ടിമറി വിജയം

0
223

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിച്ച ബിജെപിക്ക് ഇക്കുറി അതിലും മികച്ചത് നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവിലെ ഏക സീറ്റിങ് സീറ്റായ നേമം നിലനിർത്തുന്നതിനോടൊപ്പം, കുറഞ്ഞത് 10 സീറ്റെങ്കിലും നേടുക എന്നത് കൂടെയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി കേന്ദ്ര നേതൃത്വവും കളത്തിലിറങ്ങി കഴിഞ്ഞു.

നേമം കൂടാതെ കുറഞ്ഞത് 5 സീറ്റ് ഉറപ്പായിട്ടും ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനോടൊപ്പം, 5 സീറ്റുകൾ കൂടി എങ്ങനെയെങ്കിലും സ്വന്തമാക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. അത് സംഭവിച്ചാല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ത്രിശങ്കു സഭയായിരിക്കും ഉണ്ടാകുക. ഇത് മനസ്സില്‍ വച്ചാണ് ബിജെപിയുടെ നീക്കങ്ങൾ. മുന്നിലുള്ള എതിരാളികളെയെല്ലാം വെട്ടി നിരത്തി കുതിക്കാനൊരുങ്ങുകയാണ് ബിജെപി. കേരളത്തിനായി കൂടുതല്‍ സമയം ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ നീക്കി വയ്ക്കും. വ്യക്തമായ പദ്ധതികളും തയ്യാറാക്കും. ഉത്തരേന്ത്യയിൽ വിജയിച്ച ഓപ്പറേഷൻ ലോട്ടസ് മാതൃക കേരളത്തിലും ഇറക്കും.

മോദിയുടെ ഇമേജാകും ബിജെപി പ്രധാനമായും ചര്‍ച്ചയാക്കുക. തുടർച്ചയായ രണ്ടാം തവണയും പ്രഭാവം മങ്ങാതെ തിളങ്ങി നിൽക്കുന്ന പ്രധാനമന്ത്രി ബിജെപിക്ക് ആത്മവിശ്വാസം കൂട്ടും. അഴിമതി വിരുദ്ധ പോരാളികളുടേയും വികസന നായകന്മാരുടേയും കടന്നു വരവ് കേരളത്തില്‍ ബിജെപിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. മെട്രോമാൻ ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെ ഈ ഗണത്തിലാണ് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇനിയും നിരവധി പ്രമുഖരെ ബിജെപിയില്‍ എത്തിക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളെടുത്താൽ 35 നിയമസഭാ സീറ്റുകളില്‍ 20 ശതമാനമോ അതിലേറെയോ വോട്ട് കിട്ടി. മുപ്പതിനായിരത്തോളം വോട്ടു കിട്ടുന്ന 42 നിയമസഭാ മണ്ഡലങ്ങള്‍ ബിജെപി ‘എ പ്ലസ്’ ആയി കണക്കാക്കുന്നു. ന്യൂനപക്ഷ പിന്തുണ കൂടി ലഭിച്ചാൽ ബിജെപിക്ക് കുറഞ്ഞത് 10 സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

കേരള നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കുക. ഇതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. പത്ത് സീറ്റ് നേടിയാല്‍ പോലും അട്ടിമറി തന്ത്രങ്ങള്‍ ഒരുക്കാനുള്ള തന്ത്രങ്ങളും ബിജെപി മെനയുന്നുണ്ട്. ബിജെപിയുടെ വിജയ യാത്രയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സി പി എമ്മിനെ ചെറുതല്ലാത്ത രീതിയിൽ തന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. വിജയരാഘവൻ അടക്കമുള്ളവരുടെ വാക്കുകളിൽ അത് വ്യക്തവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here