ദുബൈയിൽ ഈമാസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ റമദാൻ വരെ ദീർഘിപ്പിച്ചു. ഏപ്രിൽ മധ്യത്തിൽ വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം.
ഫെബ്രുവരി ആദ്യം മുതൽ ദുബൈയിൽ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽമക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകൾ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകൾ ഇൻഡോർ വേദികൾ എന്നിവയിൽ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ കർശനമായി തുടരും.