സമൂഹത്തിൽ വ്യാപകമായ അന്ധവിശ്വാസങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വളരെ അപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് രാജ്കോട്ട് ജില്ലയിലെ രാമോദ് ഗ്രാമത്തിൽ. വിഗ്യാൻ ജാഥ എന്ന എൻ ജി ഒ അവതരിപ്പിച്ച പരിപാടിയിൽ നവദമ്പതികളെ വിവാഹം കഴിപ്പിച്ച് അടുത്തുള്ള സെമിത്തേരിയിൽ കൊണ്ടു വരികയായിരുന്നു.
പ്രതീകാത്മകമായി നടന്ന വിവാഹ ചടങ്ങിൽ ഡിജെയും പ്രേതങ്ങളുടെ ശബ്ദങ്ങളും ഉണ്ടായിരുന്നു. ആളുകൾക്ക് ഒരു സയന്റിഫിക് ശബ്ദാനുഭവം നൽകാനായിരുന്നു ഇത്.
ഗോണ്ഡൽ താലൂക്കിലെ മോവിയ ഗ്രാമത്തിലെ സുരേഷ് ദാനാഭായിയുടെ വീട്ടിൽ നടന്ന ചടങ്ങിന് ശേഷം ദമ്പതികളെസെമിത്തേരിയിലേക്ക് കൊണ്ടു വരികയായിരുന്നു. ഡിജെയുടെ അകമ്പടിയോടെ ആളുകൾ ഭാര്യാ – ഭർത്താക്കൻമാരെ ജാഥയായി സെമിത്തേരിയിലേക്ക് ആനയിച്ചു. പ്രേതങ്ങളുടെ കോസ്റ്റ്യൂമിൽ ആയിരുന്നു എല്ലാവരും. വിഗ്യാൻ ജാഥയുടെ ചെയർമാനായ ജയന്ത് പാണ്ഡെയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
സമൂഹത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നമ്മുടെ വീട്ടിൽ നിന്നു തന്നെ തുടങ്ങണമെന്ന് പാണ്ഡെ പറഞ്ഞു. ആളുകൾ ഇപ്പോഴും ഭൂതം, പ്രേതം തുടങ്ങി അന്ധവിശ്വാസങ്ങൾ പിന്തുടരുന്നവരാണ്. പരിപാടിയുടെ ഭാഗമായി സെമിത്തേരിയിൽ ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു വിഗ്യാൻ ജാഥ അധികൃതർ.
ഇത്തരം അന്ധവിശ്വാസങ്ങളെ സ്വീകരിക്കരുതെന്നും വേണ്ടാത്ത കാര്യങ്ങളിൽ വിശ്വാസമർപ്പിച്ച് ജീവിതം പാഴാക്കരുതെന്നുമുള്ള സന്ദേശം നൽകാനാണ് തങ്ങളുടെ ഉദ്ദേശമെന്ന് വിഗ്യാൻ ജാഥ പ്രവർത്തകർ അറിയിച്ചു.