മുംബൈ: മഹാരാഷ്ട്രയിലെ പിമ്പാരി ചിഞ്ചാവദ് പ്രദേശത്ത് നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സിനിമാ കഥയെ വെല്ലുന്നതാണ്. ബോളിവുഡ് ചിത്രത്തേക്കാള്‍ നാടകീയമായിരുന്നു തട്ടിക്കൊണ്ടുപോകലും തുടർ സംഭവങ്ങളും.
പിമ്പാരി ചിഞ്ചാവദ് സ്വദേശിയായ രാജേന്ദ്ര പ്രഭാകര്‍ നാഗ്പുരെയാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ നാലുമാസം പ്രായമുള്ള മകളെ ഫെബ്രുവരി 17 നാണ് തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ ജോലിക്ക് വന്ന റാണി എന്ന വീട്ടുജോലിക്കാരി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. ചകന്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം പൊലീസ് പരാതിക്കാരന്റെ അടുത്തെത്തി. ഈ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്ന് അപ്പോഴാണ് പൊലീസിന് മനസ്സിലായത്. ദമ്പതികളെ കണ്ടതോടെ കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ല ഇവരെന്ന് പൊലീസിന് മനസ്സിലായി. ചോദ്യം ചെയ്യലിനൊടുവില്‍ കുഞ്ഞ് തങ്ങളുടേതല്ലെന്ന് ഇവര്‍ സമ്മതിച്ചു. പൂനെയിലെ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കി.
യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കായി തിരച്ചില്‍
ഇപ്പോള്‍ പൊലീസ് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് മറയ്ക്കാനായാണ് അവര്‍ ജനിച്ചയുടനെ കുട്ടിയെ വളര്‍ത്താനായി നാഗ്പൂരിലെ ദമ്പതികള്‍ക്ക് കൈമാറിയത്. ദത്തെടുക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍, കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.