ചെന്നൈയിൽ നടക്കുന്ന ദക്ഷിണമേഖല ദേശീയ ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുന്ന ടീമിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘപരിവാർ വർഗീയ പ്രചാരണം നടത്തുകയാണ്. ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വർഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ്ത്തിന്റെ ഐടി സെല്ലുകളുടെ ശ്രമം. ഇതിന് പിന്തുണ നൽകി കേരളത്തിലെ ചില പ്രമുഖ തീവ്രഹിന്ദുത്വ ഫെയ്സ്ബുക്ക് ഹാൻഡിലുകളും രംഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

ആരോപണങ്ങൾ തീർത്തും മതവുമായി ബന്ധപ്പെട്ടതാണ്. ടീമിലെ കളിക്കാരും കോച്ചുമെല്ലാം അറബി പേരുകളുള്ള മുസ്ലീമുകളാണെന്നാണ് സംഘപരിവാരത്തിന്റെ ആരോപണം. ‘കേരള ക്രിക്കറ്റിലെ മുസ്ലിം ആധിപത്യം’ എന്നെല്ലാം വിവരിക്കുന്ന വിദ്വേഷ പോസ്റ്റുകൾ പ്രചരിച്ചതോടെ വാർത്ത ദേശീയ പ്രാധാന്യം നേടി. ദേശീയ തലത്തിൽ സംഘപരിവാരം ഇത് കേരളത്തിനെതിരായ വിദ്വേഷ ക്യാംപെയ്ന് തകൃതിയായി ഉപയോഗിക്കുകയും ചെയ്തു വരികയാണ്. എന്താണ് വാസ്തവമെന്ന് അന്വേഷിക്കാൻ പോലും തയ്യാറാവാതെ വിഷയം സോഷ്യൽ മീഡിയയിൽ ചേരിതിരിവുണ്ടാക്കുകയും ചെയ്യുന്നു.

സംഭവുമായി ബന്ധപ്പെട്ട വാർത്തയിലെ കളിക്കാരുടെ പേരുകൾ അടിവരയിട്ട ശേഷം ‘നവ കേരളത്തിന്റെ സുന്ദര ‘മതേതര’ ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ’ എന്നാണ് സംഘപരിവാർ വാർത്താ ചാനലായ ജനം ടി.വി മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ കുറിച്ചത്. ‘ക്രിക്കറ്റ് കളിച്ചു കഴിഞ്ഞാൽ ടീമിന്റെ വക ഫ്രീ ദഫ് മുട്ട് കൂടി ഉണ്ടായിരിക്കുന്നതാണ്!’ എന്ന് തലവാചകമാണ് വാർത്തയ്ക്ക് വ്യാജ പ്രചാരക് എന്ന പരിഹാസ പേരിലറിയപ്പെടുന്ന അംബിക ജെ.കെ നൽകിയത്. ഈ പോസ്റ്റുകൾക്കെല്ലാം വലിയ അളവിൽ സ്വീകാര്യതയുമുണ്ട്. ‘മുസ്ലിംകൾ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിനെത്തുന്നത് കേരളത്തിൽ പ്രതിഷേധത്തിന് കാരണമാകുന്നു’ എന്ന തലക്കെട്ടോടെ ഓർഗൈനസറും വാർത്ത പ്രസിദ്ധീകരിച്ചു.

എന്താണ് വാസ്തവം
സാധാരണയായി ട്രെയിൽസ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്തവണ ട്രയൽസ് സാധാരണഗതിയിൽ നടന്നില്ല. എസ്‌കോള സ്‌കൂളിലെ വിദ്യാർത്ഥികൾ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചത്. ഇതോടെ സെലക്ഷൻ ഇവരിലേക്ക് മാത്രം ചുരുങ്ങി. ഈ മാസം 27, 28 തിയ്യതികളിലാണ് ടൂർണമെന്റ് നടക്കുന്നത്. വലിയ രൂപത്തിലുള്ള ട്രയൽസ് നടക്കാത്തതാണ് ഒരു സ്കൂളിൽ നിന്ന് മാത്രം സെലക്ഷൻ നടത്താൻ കാരണമായതെന്ന് സംഘാടകരും വ്യക്തമാക്കുന്നു. അതേസമയം പെൺകുട്ടികളുടെ ടീമിൽ സംഘപരിവാർ ആരോപിച്ച വർഗീയത ഫലിക്കില്ല. അതിനാൽ പെൺകുട്ടികളുടെ ടീമിനെ മനപൂർവ്വം ഒഴിവാക്കിയായിരുന്നു ക്യാംപെയ്ൻ.
എസ്‌കോള സ്‌കൂളിലെ വിദ്യാർത്ഥി എൻ. മുഹമ്മദ് യാസീൻ ആണ് ആൺകുട്ടികളുടെ ടീമിനെ നയിക്കുന്നത്. എം.കെ മുനീർ കോച്ചും മജീദ് ബാവ മാനേജറുമായ ടീമിലെ മറ്റ് അംഗങ്ങൾ എ.കെ മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റൻ), അഹമ്മദ് ഫിനാഷ്, കെ.പി അദ്‌നാൻ, സി. ഷാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി അബ്ദുല്ല എന്നിവരാണ്.
പാലക്കാട് അയലൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ സി.ജി അമൃതയാണ് ടൂർണമെന്റിൽ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങൾ: എസ്. അഞ്ജന, ആർ.സിനി, എം.ആർ ശ്രുതി, എസ്.സരിഗ, ആർ.അഭിനയ, വി.വിനയ, ആർദ്ര രമേശ്, എം.അനശ്വര, അർച്ചന നായർ, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജർ: ആതിര.